കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ വർഷകാല സമ്മേളനം ജൂണ്‍ 2,3,4 തീയതികളിലായി കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ നടക്കും. ഇന്ന് രാവിലെ 10 മണിക്ക് സമർപ്പിത സമൂഹങ്ങളുടെ മേജർ സുപ്പീരിയർമാരുടെയും കെ.സി.ബി.സിയുടെയും സംയുക്ത യോഗം കെ.സി.ബി.സി പ്രസിഡന്റ് ആർച്ച്ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ ഉദ്ഘാടനം ചെയ്തു. കെ.സി.ബി.സി റിലീജിയസ് കമ്മീഷൻ ചെയർമാൻ ബിഷപ്പ് സാമുവൽ മാർ ഐറേനിയസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഫാ. ഡോ. ഗീവർഗീസ് കുറ്റിയിൽ, സിസ്റ്റർ ഡോ. പവിത്ര എന്നിവർ യോഗത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. വൈകുന്നേരം 5 മണിക്ക് കെ.സി.ബി.സി മെത്രാൻ സമിതി സമ്മേളനം ആരംഭിക്കും. ജൂൺ 3, 4 തീയതികളിൽ സഭയും സമൂഹവുമായി ബന്ധപ്പെട്ട വിവിധ ആനുകാലിക വിഷയങ്ങളും, അവയിൽ സ്വീകരിക്കേണ്ട നിലപാടുകളും നടപടികളും കേരള കത്തോലിക്കാ മെത്രാൻ സമിതി വിശദമായി ചർച്ച ചെയ്യും. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളിൽ നിന്നുമുള്ള മെത്രാന്മാർ ഈ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ അറിയിച്ചു.
