ഉറുഗ്വേ: പുതുതലമുറകളിലേക്ക് വിശ്വാസം പകർന്നു നൽകുന്നതിൽ കുടുംബങ്ങളുടെ പങ്ക് ഉയർത്തിക്കാട്ടി ലിയോ പതിനാലമൻ പാപ്പ. ഉറുഗ്വേയുടെ സ്വർഗീയ മധ്യസ്ഥയായ ഫ്ലോറിഡയിലെ “മൂപ്പത്തിമൂന്നിന്റെ അമ്മ'”എന്ന പേരിൽ വണങ്ങപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാളിനോടനുബന്ധിച്ച്, നവംബർ 8 ഞായറാഴ്ച ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു പാപ്പാ. കുടുംബങ്ങളിലെ വിശ്വാസജീവിതവും ക്രിസ്തീയ ഉത്തരവാദിത്വങ്ങളുമായിരുന്നു പാപ്പയുടെ പ്രഭാഷണത്തിന്റെ പ്രധാന പ്രമേയം.
കുടുംബങ്ങളിൽ വിശ്വാസം നിലനിർത്തുകയും തലമുറകളിലേക്ക് പകരുകയും ചെയ്യുന്നതിൽ അമ്മമാരും മുത്തശ്ശിമാരും സുപ്രധാനമായ ഒരു പങ്കാണ് വഹിക്കുന്നതെന്ന് പാപ്പാ എടുത്തുപറഞ്ഞു. കുട്ടികളെ ആദ്യമായി പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്നതിലും മാമോദീസക്കും മറ്റു കൂദാശകൾക്കും ഒരുക്കുന്നതിലും ക്രിസ്തീയ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പാഠങ്ങൾ പകർന്നു നൽകുന്നതിലും സ്ത്രീകൾ നൽകുന്ന സംഭാവന വിലമതിക്കാനാവാത്തതാണെന്ന് ലിയോ പാപ്പാ വ്യക്തമാക്കി. തിമോത്തേയോസിന്റെ വിശ്വാസത്തിന് അടിത്തറ പാകിയ അമ്മയായ എവുനിക്കെയുടെയും വല്യമ്മയായ ലോവീസിൻ്റെയും ഉദാഹരണം പാപ്പ ചൂണ്ടിക്കാട്ടി.
അതുപോലെതന്നെ, വിശ്വാസം കൈമാറുന്നതിൽ പിതാക്കന്മാർക്കും മുത്തശ്ശന്മാർക്കുമുള്ള തുല്യമായ ഉത്തരവാദിത്വത്തെക്കുറിച്ചും മാർപാപ്പ പരാമർശിച്ചു. പിതാവ് ദൈവ സന്നിധിയിൽ മുട്ടുകുത്തി പ്രാർത്ഥിക്കുന്നതും കുടുംബാംഗങ്ങളോട് ക്ഷമയോടും ആദരവോടും കൂടി പെരുമാറുന്നതും കാണുന്നത് കുട്ടികളുടെ ആത്മീയ വളർച്ചയ്ക്ക് കാരണമാകും. കുടുംബ പ്രാർത്ഥനയിലെ പിതാക്കന്മാരുടെ പങ്കാളിത്തവും അനുദിനജീവിതത്തിലെ വിശ്വാസ സാക്ഷ്യവും വിശ്വാസത്തിൻ്റെ മഹത്വം മനസ്സിലാക്കുന്നതിന് അവരെ സഹായിക്കും.
ദൈവത്തിൽ നിന്ന് അകന്നുപോയ തൻ്റെ മകനായ വിശുദ്ധ അഗസ്റ്റിനുവേണ്ടി വർഷങ്ങളോളം പ്രാർത്ഥിച്ച വിശുദ്ധ മോണിക്കയുടെ പ്രത്യാശ എല്ലാവർക്കും മാതൃകയാണെന്ന് പാപ്പാ പറഞ്ഞു. സ്നേഹത്തോടെയും ക്ഷമയോടെയും മക്കളെ ദൈവത്തിലേക്ക് നയിക്കണമെന്നും അവരെ നിരന്തരം പ്രാർത്ഥനയിൽ സമർപ്പിക്കണമെന്നും പരിശുദ്ധ പിതാവ് ഓർമിപ്പിച്ചു. പരിശുദ്ധ അമ്മയോടുള്ള സ്നേഹത്തിന്റെയും വണക്കത്തിന്റെയും സൂചകമായി മാതാവിൻ്റെ തിരുസ്വരൂപത്തിന് മുമ്പിൽ പരിശുദ്ധ പിതാവ് സ്വർണ്ണറോസാപ്പൂവ് സമർപ്പിച്ചു.

