ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലിക പ്രബോധനമായ, ‘അമോറിസ് ലെത്തീസ്യ’ യുടെ പത്താം വാർഷികത്തോടനുബന്ധിച്ച്, ഒക്ടോബർ 7 മുതൽ 14 വരെ വത്തിക്കാനിൽ വച്ച് നടക്കുവാനിരിക്കുന്ന സമ്മേളനത്തിന്റെ മാർഗരേഖ പ്രസിദ്ധീകരിച്ചു. ലിയോ പാപ്പായാണ് സമ്മേളനം വിളിച്ചുകൂട്ടുന്നത്.
വത്തിക്കാൻ: 2026 ഒക്ടോബർ 7 മുതൽ 14 വരെ ലിയോ പതിനാലാമൻ പാപ്പാ, വത്തിക്കാനിൽ വിളിച്ചുകൂട്ടുന്ന, ‘അമോറിസ് ലെത്തീസ്യ’ അപ്പസ്തോലിക പ്രബോധനത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ചുള്ള, സമ്മേളനത്തിന്റെ മാർഗ രേഖ പ്രസിദ്ധീകരിച്ചു. അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള ഡിക്കാസ്റ്ററിയും, സിനഡിന്റെ ജനറൽ സെക്രട്ടേറിയറ്റും ചേർന്നാണ് രേഖ തയ്യാറാക്കിയത്. പൗരസ്ത്യ കത്തോലിക്കാ സഭകളുടെ, വ്യക്തിസഭാ തലവന്മാർക്കും, വിവിധ മെത്രാൻ സമിതികളുടെ അധ്യക്ഷന്മാർക്കും മാർഗരേഖ അയച്ചു.
2016 മാർച്ച് 19 ന് ഫ്രാൻസിസ് പാപ്പാ പ്രസിദ്ധീകരിച്ച സിനഡാനന്തര അപ്പസ്തോലിക പ്രബോധനമായ ‘അമോറിസ് ലെത്തീസ്യ’യുടെ പത്താം വാർഷികത്തോടനുബന്ധിച്ച്, 2026 മാർച്ച് 19 ലെ തന്റെ സന്ദേശത്തിൽ ലിയോ പതിനാലാമൻ പാപ്പായാണ്, ഈ സമ്മേളനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കുടുംബങ്ങളെ ബാധിക്കുന്ന മാറ്റങ്ങളെ അംഗീകരിച്ചുകൊണ്ട്, “പരസ്പര ശ്രവണത്തിലൂടെ, ഇന്ന് കുടുംബങ്ങളിൽ സുവിശേഷവത്കരണത്തിനു ആവശ്യമായ പ്രായോഗിക നടപടികൾ കൈക്കൊള്ളുന്നതിനു ആവശ്യമായ സിനഡൽ വിവേചനരീതികൾ കൈക്കൊള്ളുക, ‘അമോറിസ് ലെത്തീസ്യ’ രേഖയുടെ വെളിച്ചത്തിൽ, പ്രാദേശിക സഭകളിൽ ആവശ്യമായ കാര്യങ്ങൾ സ്വീകരിക്കുക എന്നുള്ള ലിയോ പതിനാലാമൻ പാപ്പായുടെ പരിഗണനകളാണ് ഈ സമ്മേളനത്തിന്റെ അടിസ്ഥാനം.
മാർഗ്ഗരേഖയിൽ അഞ്ച് വിഷയാധിഷ്ഠിത മേഖലകൾ നിർദ്ദേശിക്കുന്നു;
1. ആധുനിക യുഗത്തെ കുടുംബങ്ങൾ: യാഥാർത്ഥ്യം, സൗന്ദര്യം, വെല്ലുവിളികൾ – കുടുംബങ്ങളുടെ അനുഭവത്തിൽ നിന്നും, ഇന്നത്തെ സഭയുടെ പ്രതിബദ്ധതയിൽ നിന്നും ആരംഭിച്ച് കാലത്തിന്റെ അടയാളങ്ങളെ വിവേചിച്ചറിയൽ.
2. യുവാക്കളും വിവാഹത്തിലേക്കുള്ള അവരുടെ വിളിയുടെ കണ്ടെത്തലും – യുവാക്കളെ ശ്രവിക്കുകയും, വിവാഹത്തിന്റെ മൂല്യം കണ്ടെത്തുന്നതിൽ അവരെ പിന്തുണയ്ക്കുകയും ചെയ്യുക.
3. ദാമ്പത്യ ജീവിതം. വിവാഹത്തിന്റെ ആദ്യ വർഷങ്ങൾ: ഒരു നിർണായക സമയം – വിവാഹത്തിന്റെ ആദ്യ വർഷങ്ങളിലും ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ദമ്പതികളെ ശ്രവിക്കുകയും, അവരെ പിന്തുണയ്ക്കുകയും ചെയ്യുക.
4. ജീവിതത്തിലെ ബുദ്ധിമുട്ടുകൾ: കുടുംബാംഗങ്ങളെ അനുഗമിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക – സങ്കീർണ്ണമായ സാഹചര്യങ്ങളിൽ കുടുംബങ്ങളോടൊപ്പം നടക്കുക.
5. സഭയുടെ പ്രേഷിത ദൗത്യത്തിൽ ക്രിസ്തീയ കുടുംബങ്ങൾ – പ്രേഷിതദൗത്യത്തിലേക്കുള്ള ഒരു പ്രേരണയായി ദാമ്പത്യ-കുടുംബ സ്നേഹബന്ധത്തെ സ്വാഗതം ചെയ്യുക
