2026 ലെ ആഗോള മിഷൻ ഞായർ ഒക്ടോബർ 18 ന് ലോകം മുഴുവൻ ആചരിക്കും. ഈ വർഷത്തെ പ്രമേയം ‘ക്രിസ്തുവില് ഒന്ന്, മിഷനില് ഒരുമിച്ച്’ എന്നതാണ്. വിശ്വാസ പ്രചാരണത്തിനായുള്ള പൊന്തിഫിക്കൽ സൊസൈറ്റിയുടെ നിർദേശപ്രകാരം പയസ് പതിനൊന്നാമൻ മാർപാപ്പ ആഗോള മിഷൻ ഞായർ സ്ഥാപിച്ചതിന്റെ 100-ാം വാർഷികം കൂടിയാണ് 2026 ൽ ആഘോഷിക്കുന്നത്.
“മിഷനറിമാർക്കുവേണ്ടിയും അവരുടെ അപ്പോസ്തോലിക പ്രവർത്തനത്തിന്റെ ഫലപ്രാപ്തിക്കുവേണ്ടിയും സഭ ഒന്നിച്ചു പ്രാർഥനയിൽ പങ്കുചേരാനുള്ള ഒരു വിശേഷാവസരമാണിത്” ഈ വർഷത്തെ ആഗോള മിഷൻ ഞായറാഴ്ച ലിയോ പതിനാലാമൻ പാപ്പ അഭ്യർഥിച്ചു. ലോകമെമ്പാടുമുള്ള കത്തോലിക്കാ സഭ ഒക്ടോബർ മാസത്തിലെ അവസാന ഞായറാഴ്ചയ്ക്ക് മുൻപുള്ള ഞായറാഴ്ചയാണ് മിഷൻ ഞായർ ആചരിക്കുന്നത്. 1926-ൽ പതിനൊന്നാം പീയൂസ് മാർപാപ്പയാണ് മിഷൻ ഞായർ ആചരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചത്. ഈ ദിവസം ദേവാലയങ്ങളിൽ ശേഖരിക്കുന്ന സംഭാവനകൾ ലോകമെമ്പാടുമുള്ള പുതിയതോ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതോ ആയ രൂപതകൾക്കും, ആശുപത്രികൾക്കും, സ്കൂളുകൾക്കും, മിഷൻ പ്രവർത്തനങ്ങൾക്കും വേണ്ടിയാണു ഉപയോഗിക്കുന്നത്.

