ക്രിസ്തുമസിന് മുന്നോടിയായുള്ള ആത്മീയ ഒരുക്കത്തിന്റെ കാലമായ ആഗമനകാലത്തിലേക്ക് (Advent) കത്തോലിക്കാ സഭ പ്രവേശിക്കുകയാണ്. ലത്തീൻ കത്തോലിക്കാ സഭയിൽ ആഗമനകാലം നാളെ, നവംബർ 29 ഞായറാഴ്ച ആരംഭിക്കുന്നതോടെ സഭയുടെ പുതിയ ആരാധനക്രമ വർഷത്തിനും (Liturgical Year) തുടക്കമാകും. യേശുക്രിസ്തുവിന്റെ ബെത്ലഹേമിലെ ഒന്നാം വരവിനെ (തിരുപ്പിറവി) അനുസ്മരിക്കുന്നതിനൊപ്പം, ലോകാവസാനത്തിലുള്ള ക്രിസ്തുവിന്റെ രണ്ടാം വരവിനായി വിശ്വാസികളെ ഒരുക്കുക എന്നതാണ് ആഗമനകാലത്തിന്റെ പ്രധാന ലക്ഷ്യം.
ആഗമനകാല തിരികളുടെ വിവരണവും പ്രാർഥനയും 👇

ആഗമനകാല തിരികൾ തെളിക്കുമ്പോൾ ചൊല്ലേണ്ട പ്രാർഥനകൾ
—————————————————————————————————-
🕯️ ആഗമനകാലം ഒന്നാം ഞായർ: പ്രകാശത്തിന്റെ പ്രവാചകതിരി
പ്രത്യാശയുടെ പ്രകാശമായ യേശുവേ, പ്രവാചകതിരി എന്ന് വിശേഷിപ്പിക്കുന്ന പ്രത്യാശയുടെ ഈ വയലറ്റ് തിരി ഞങ്ങൾ പ്രകാശിപ്പിക്കുമ്പോൾ അങ്ങയുടെ ജനനം ആദ്യമായി പ്രവചിച്ച ഏശയ്യാ പ്രവാചകനെയും മറ്റെല്ലാ പ്രവചനങ്ങളെയും ഞങ്ങൾ അനുസ്മരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എല്ലാ പ്രവചനങ്ങളുടെയും പൂർത്തീകരണമായ യേശുവേ, അങ്ങയുടെ വരവിനായി പ്രത്യാശയോടെ കാത്തിരിക്കാൻ കൃപ നൽകണമെ. ആമേൻ
🕯️ ആഗമനകാലം രണ്ടാം ഞായർ: സമാധാനത്തിന്റെ ബെത്ലഹം തിരി
ദൈവീക പ്രകാശമായ യേശുവേ, ബത്ലഹം തിരി എന്ന് വിശേഷിപ്പിക്കുന്ന സമാധാനത്തിന്റെ ഈ വയലറ്റ് തിരി ഞങ്ങൾ പ്രകാശിപ്പിക്കുമ്പോൾ ബത്ലഹം ലക്ഷ്യമാക്കി യാത്ര പുറപ്പെട്ട യൗസേപ്പിതാവിനെയും, പരിശുദ്ധ കന്യക മറിയത്തെയും, യേശുവിന്റെ ജനനത്തിനായുള്ള അവരുടെ ക്ലേശപൂർണമായ ഒരുക്കത്തെയും ഞങ്ങൾ ധ്യാനിക്കുന്നു. ഞങ്ങളുടെ ജീവിതത്തിലെ ക്ലേശങ്ങളിലും, സഹനങ്ങളിലും അങ്ങേ സമാധാനം ഞങ്ങൾക്ക് ആശ്വാസം പകരട്ടെ. രക്ഷകന്റെ വരവിനായി ത്യാഗപൂർവം ഒരുങ്ങുവാൻ ഞങ്ങളെ സഹായിക്കണമെ. ആമേൻ.
🕯️ ആഗമനകാലം മൂന്നാം ഞായർ: ആനന്ദത്തിന്റെ ഇടയന്മാരുടെ തിരി
ആനന്ദത്തിന്റെ പ്രകാശമായ യേശുവേ, ഇടയന്മാരുടെ തിരി എന്ന് വിശേഷിപ്പിക്കുന്ന ആനന്ദത്തിന്റെ പ്രതീകമായ ഈ പിങ്ക് തിരി ആനന്ദത്തിന്റെ ഞായർ (Gautate Sunday) ദിനത്തിൽ പ്രകാശിപ്പിക്കുമ്പോൾ രക്ഷകന്റെ വരവിനെ കുറിച്ചുള്ള സന്തോഷത്തിന്റെ സദ് വാർത്ത കേട്ട് ആനന്ദിച്ച ആട്ടിടയരെ ഞങ്ങൾ അനുസ്മരിക്കുന്നു. രക്ഷകന്റെ തിരുപ്പിറവി അടുത്തിരിക്കുന്ന ഈ നാളുകളിൽ കൂടുതൽ ആനന്ദത്തോടെ ഒരുങ്ങുവാൻ ഞങ്ങൾക്ക് കൃപ നൽകണമെ. ആമേൻ.
🕯️ ആഗമനകാലം നാലാം ഞായർ: സ്നേഹത്തിന്റെ മാലാഖമാരുടെ തിരി
സ്നേഹത്തിന്റെ പ്രകാശമായ യേശുവേ, മാലാഖമാരുടെ തിരി എന്ന് വിശേഷിപ്പിക്കുന്ന ഈ വയലറ്റ് തിരി പ്രകാശിപ്പിക്കുമ്പോൾ അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം പാടുകയും ഭൂമിയിൽ സന്മനസ്സുള്ള മനുഷ്യർക്ക് സമാധാനം ആശംസിക്കുകയുംചെയ്ത മാലാഖമാരെ ഞങ്ങൾ അനുസ്മരിക്കുന്നു. യേശുവിന്റെ വരവിനായി ഞങ്ങൾ ഒരുങ്ങുമ്പോൾ ഒപ്പമുള്ളവരോട് സ്നേഹം പകരുവാനും അങ്ങേസ്നേഹത്തിൽ വസിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമെ. ആമേൻ.
🕯️ ക്രിസ്തുമസ് ദിനത്തിൽ പ്രകാശിപ്പിക്കുന്ന ക്രിസ്തുവിന്റെ തിരി
നിത്യപകാശമായ യേശുവേ, ക്രിസ്തുവിന്റെ തിരി എന്ന് വിശേഷിപ്പിക്കുന്ന വിശുദ്ധിയുടെ പ്രതീകമായ ഈ വെള്ള തിരി പ്രകാശിപ്പിക്കുമ്പോൾ പുൽക്കൂട്ടിൽ മനുഷ്യനായി അവതരിച്ച പരിശുദ്ധനായ ദൈവത്തെ ഞങ്ങൾ അനുസ്മരിക്കുന്നു. വിശുദ്ധിയുടെ പ്രതീകമായി ജ്ഞാനസ്നാന അവസരത്തിൽ ഞങ്ങൾ സ്വീകരിച്ച വെള്ള വസ്ത്രം പോലെ, മരണംവരെ വിശ്വാസ വിശുദ്ധി കാത്തുസൂക്ഷിക്കുവാനും അങ്ങയുടെ രണ്ടാം വരവിൽ അവിടത്തെ മുമ്പിൽ വിശുദ്ധിയോടെ നിൽക്കുവാനും കൃപ നൽകണമെ. ആമേൻ

