ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ നടന്ന സന്താലി മെഗാ ബൈബിള്‍ കണ്‍വെന്‍ഷനു നേരെ ഉണ്ടായ അക്രമത്തിലും ദേവാലയത്തിന്റെ വസ്തുക്കള്‍ നശിപ്പിച്ചതിലും സിബിസിഐ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കൃഷ്ണനഗര്‍ രൂപതയ്ക്ക് കീഴിലുള്ള ജലാല്ഖാലി ഡിവൈന്‍ ലൗ റിട്രീറ്റ് സെന്ററില്‍ നടന്ന ധ്യാനപരിപാടിക്കിടെയാണ് അതിക്രമം നടന്നത്.
പൗരന്മാരുടെ മൗലികാവകാശമായ മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് ഇതെന്നും, വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച രാജ്യവിരുദ്ധ ശക്തികള്‍ക്കെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അടിയന്തര നിയമനടപടി സ്വീകരിക്കണമെന്നും സിബിസിഐ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു. ആരാധനാ സ്വാതന്ത്ര്യവും ന്യൂനപക്ഷ സ്ഥാപനങ്ങളുടെ സുരക്ഷയും ഉറപ്പാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് ഇടപെടണമെന്നും മെത്രാന് സംഘം അഭ്യര്‍ത്ഥിച്ചു.
അധികൃതരുടെ അനുമതിയോടെ നടത്തിയ പരിപാടി സംഘടിപ്പിച്ചതെന്ന് രൂപതാ അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഒക്ടോബര്‍ 9-ന് വൈകുന്നേരം സെന്റ് ലൂയിസ് പാരീഷ് പള്ളിക്ക് സമീപം തടിച്ചുകൂടിയ ചില അക്രമകാരികള്‍, ‘നിര്‍ബന്ധിത മതപരിവര്‍ത്തനം’ നടക്കുന്നുവെന്ന വ്യാജ ആരോപണം ലൗഡ് സ്പീക്കറിലൂടെ നടത്തി ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുകയായിരുന്നുവെന്ന് സിബിസിഐയുടെ കുറിപ്പില്‍ പറയുന്നു. തുടര്‍ന്ന് ദേവാലയത്തിന് നേരെ അക്രമം അഴിച്ചുവിടുകയും സ്വത്തുക്കള്‍ നശിപ്പിക്കുകയും സുരക്ഷാച്ചുമതലയിലുണ്ടായിരുന്നവരെ മര്‍ദ്ദിക്കുകയും ചെയ്തു. അക്രമം വൈദികരിലും സന്യാസികളിലും വിശ്വാസികളിലും വലിയ ഭീതി സൃഷ്ടിച്ചിട്ടുണ്ട്.

