തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവരുടെ ഭവന പുനരുദ്ധാരണത്തിനായി ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി പ്രകാരം ധനസഹായം നല്‍കുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു.
ക്രിസ്ത്യന്‍, മുസ്ലീം, ബുദ്ധ, സിഖ്, പാഴ്സി, ജൈന്‍ എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെടുന്ന സ്ത്രീകള്‍ക്കാണ് ധനസഹായം ലഭിക്കുന്നത്. ശരിയായ ജനലുകള്‍, വാതിലുകള്‍, മേല്‍ക്കൂര, ഫ്‌ളോറിംഗ്, ഫിനിഷിംഗ്, പ്ലംബിംഗ്, സാനിറ്റേഷന്‍, ഇലക്ട്രിഫിക്കേഷന്‍ തുടങ്ങിയ അടിസ്ഥാന സൗകര്യ ങ്ങളില്ലാത്ത വീടുകളുടെ കേടുപാടുകള്‍ തീര്‍ക്കുന്ന തിനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന തിനുമാണ് പദ്ധതി വഴി സാമ്പത്തിക സഹായം നല്‍കുന്നത്.
വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കായി പരമാവധി 50,000 രൂപയാണ് ധനസഹായമായി നല്‍കുന്നത്. വീടിന്റെ പരമാവധി വിസ്തീര്‍ണ്ണം 1200 സ്‌ക്വയര്‍ ഫീറ്റ് കവിയാന്‍ പാടില്ല. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബിപിഎല്‍ കു ടുംബങ്ങള്‍ക്ക് പദ്ധതിയില്‍ മുന്‍ഗണനയുണ്ട്. അപേക്ഷകയ്ക്കോ അവരുടെ മക്കള്‍ക്കോ ശാരീരിക -മാനസിക വെല്ലുവിളികള്‍ ഉള്ളവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ള കുടുംബങ്ങള്‍, മക്കളില്ലാത്ത അപേക്ഷകര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കും മുന്‍ഗണന ലഭിക്കും.
സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിരവരുമാന ലഭ്യതയുള്ള മക്കളുള്ള വിധവകള്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിനോ ഭവന പുനരുദ്ധാരണത്തിനോ സഹായം ലഭിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷാ ഫോറം www.minoritywelfare.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.
അപേക്ഷകയുടെ സ്വന്തം/പങ്കാളിയുടെ പേരിലുള്ള 2026-27 സാമ്പത്തിക വര്‍ഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവയോടൊപ്പം വീട് നവീകരി ക്കേണ്ട തിനും, വീടിന്റെ വിസ്തീര്‍ണ്ണം തെളിയിക്കുന്നതിനും, മറ്റു വകുപ്പുകളില്‍ നിന്നോ/സമാന ഏജന്‍സികളില്‍ നിന്നോ അപേക്ഷകയ്ക്ക് 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിനോ/പുനരുദ്ധാരണത്തിനോ ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതിനും ആവശ്യമായ സാക്ഷ്യപത്രം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനില്‍നിന്നും അപേക്ഷയോടൊപ്പം ഹാജരാക്കണം.
പൂരിപ്പിച്ച അപേക്ഷ അനുബന്ധരേഖകള്‍ സഹിതം അതത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനില്‍ നേരിട്ടോ, ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തില്‍ തപാല്‍ മുഖാന്തരമോ അയക്കാവുന്നതാണ്. അവസാന തീയതി സെപ്റ്റംബര്‍ 10.
