വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള യുദ്ധങ്ങൾ അവസാനിക്കുന്നതിനും സംഘർഷഭരിതമായ പ്രദേശങ്ങളിൽ സമാധാനം പുനസ്ഥാപിക്കപ്പെടുന്നതിനുമായി ഒക്ടോബർ മാസം ജപമാല ചൊല്ലി പ്രാർഥിക്കാൻ വിശ്വാസി സമൂഹത്തോട് ലിയോ പതിനാലാമൻ പാപ്പ ആഹ്വാനം ചെയ്തു. ഫ്രാൻസിലെ അപ്പസ്തോലിക സന്ദർശനത്തിന്റെ ഭാഗമായി ലൂർദ് മാതാവിന്റെ പുണ്യസങ്കേതത്തിൽ സെപ്റ്റംബർ 27 ഞായറാഴ്ച നടന്ന ദിവ്യബലിക്കു ശേഷം ‘ത്രികാല പ്രാർഥന’ നയിക്കവെയാണ് പരിശുദ്ധ പിതാവ് ഈ ആഹ്വാനം നടത്തിയത്.
പരിശുദ്ധ കന്യകാമറിയം വി. ബെർണദത്തയ്ക്ക് പ്രത്യക്ഷപ്പെട്ടത് ജപമാലയുമായിട്ടാണെന്നും, അവളുടെ പ്രാർഥനകളിൽ മാതാവ് എപ്പോഴും കൂടെയുണ്ടായിരുന്നുവെന്നും പാപ്പ ഓർമ്മിപ്പിച്ചു. “വരുന്ന ഒക്ടോബർ മാസത്തിൽ യുദ്ധങ്ങൾ അവസാനിക്കാനും സംഘർഷഭരിതമായ പ്രദേശങ്ങളിൽ സമാധാനം പുനസ്ഥാപിക്കപ്പെടാനുമുള്ള പ്രത്യേക നിയോഗത്തോടെ ജപമാല ചൊല്ലി പ്രാർഥിക്കാൻ ഞാൻ എല്ലാ വിശ്വാസികളെയും ക്രിസ്തീയ സമൂഹങ്ങളെയും ആത്മാർത്ഥമായി ക്ഷണിക്കുന്നു,” പാപ്പ പറഞ്ഞു.
പ്രാർഥനയോടൊപ്പം പ്രായശ്ചിത്തത്തിന്റെയും കരുണയുടെയും പ്രവൃത്തികളും സംഭാഷണത്തിലൂടെയും അനുരഞ്ജനത്തിലൂടെയും സമാധാനം കൈവരിക്കാനുള്ള അടിയുറച്ച പ്രതിബദ്ധതയും വിശ്വാസികളിൽ ഉണ്ടാകണമെന്ന് പാപ്പ കൂട്ടിച്ചേർത്തു. കന്യകാമറിയത്തിന്റെ മാതൃക പിന്തുടർന്ന് ദൈവഹിതത്തിനനുസരിച്ച് ജീവിക്കാൻ ത്രികാലപ്രാർഥന നമ്മെ സഹായിക്കുമെന്നും ലോകത്തിന് സമാധാനം നൽകാൻ പരിശുദ്ധ അമ്മ നമുക്കായി മധ്യസ്ഥത വഹിക്കട്ടെയെന്നും ആശംസിച്ചുകൊണ്ട് പാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചു.

