പാരീസ്: ലിയോ 14-ാമന്‍ പാപ്പ പാരീസിലെ ചരിത്രപ്രസിദ്ധമായ കോണ്‍കോര്‍ഡ് ചത്വരത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ അള്‍ത്താരശുശ്രൂഷകരായ ഡൗണ്‍സിന്‍ഡ്രം ബാധിതരായ ആറ് ചെറുപ്പക്കാര്‍ പാരീസിന്റെയും ഒപ്പം ലോകത്തിന്റെയും ഹൃദയം കവര്‍ന്നു. ഏഴ് ലക്ഷത്തിലധികം പേര്‍ പങ്കുചേര്‍ന്ന ദിവ്യബലിയില്‍ തിയോഫില്‍, മാക്‌സിം, ഫ്രാങ്കോയിസ്, ഫൗക്കോള്‍ഡ്, തിമൊത്തെയോസ്, ജെറോം എന്നീ ആറു യുവാക്കളാണ് പാപ്പയുടെ പ്രത്യേകമായ ഇടപെടലിലൂടെ അള്‍ത്താര ശുശ്രൂഷകരായി ക്രിസ്തുവിന്റെ കരുതുന്ന സ്‌നേഹം ലോകത്തിന് വെളിപ്പെടുത്തിയത്.
കുറച്ചുകാലം മുന്‍പ് വത്തിക്കാനില്‍ വെച്ച് ലെജൂണ്‍ ഫൗണ്ടേഷന്‍ പ്രതിനിധിയായി എത്തിയപ്പോള്‍ പതിനൊന്നുകാരനായ തിയോഫില്‍ മാര്‍പാപ്പയ്ക്ക് ഒരു കത്ത് കൈമാറി. പാപ്പ പാരീസ് സന്ദര്‍ശിക്കുമ്പോള്‍ അള്‍ത്താര ശുശ്രൂഷ ചെയ്യാന്‍ അവസരം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള കത്തായിരുന്നു അത്. ഡൗണ്‍ സിന്‍ഡ്രം ബാധിതനായ തിയോഫിലിന്റെ ആഗ്രഹം തിരിച്ചറിഞ്ഞ ക്രിസ്തുവിന്റെ വികാരി അതിന് അനുമതി നല്‍കി.
ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച മാക്‌സിം എന്ന മറ്റൊരു ചെറുപ്പക്കാരനാണ് അള്‍ത്താര ശുശ്രൂഷ ചെയ്യാന്‍ തിയോഫിലിനെ ഒരുക്കിയത്. പാരീസില്‍ വെച്ച് ഫ്രാങ്കോയിസ്, ഫൗക്കോള്‍ഡ്, തിമൊത്തെയോസ്, ജെറോം എന്നിവരും ഇവര്‍ക്കൊപ്പം ചേര്‍ന്നു. കുറവുകള്‍ ഉള്ളവര്‍ക്കും സമൂഹത്തില്‍ ഇടമുണ്ടെന്നും അവര്‍ക്ക് പരിഗണന നല്‍കണമെന്നും സമൂഹത്തെ ഓര്‍മിപ്പിക്കുന്ന സന്ദേശം കൂടെയായി പാരീസിലെ ദിവ്യബലി മാറി.

