വത്തിക്കാൻ: 2026 ഒക്ടോബർ മാസത്തേക്കുള്ള ലിയോ പാപ്പയുടെ പ്രാർത്ഥനാ നിയോഗം “മാനസികാരോഗ്യ ശുശ്രൂഷയ്ക്കായി.” പാപ്പയുടെ ആഗോള പ്രാർത്ഥനാ ശൃംഖല’ നിർമ്മിച്ച വീഡിയോയിൽ, മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്ന ആളുകൾക്ക് സ്വാഗതവും അന്തസ്സും പ്രത്യാശയും ലഭിക്കുന്ന ഒരു ‘തുറന്ന ഭവനമായി’ സഭ മാറണമെന്ന് പാപ്പ പ്രാർത്ഥിക്കുന്നു.
മാനസിക വെല്ലുവിളി നേരിടുന്നവരെ ഒരുതരത്തിലും കുടുംബത്തിലും സമൂഹത്തിലും മാറ്റിനിർത്താൻ പാടില്ലന്നും കരുണയോടെ അവരെ ചേർത്തുനിർത്തി ആവശ്യമായ ശൂശ്രൂഷകൾ നൽകണമെന്നും പാപ്പ ആഹ്വാനം ചെയ്യുന്നു. മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെയും പാപ്പ തന്റെ പ്രാർഥനയിൽ പ്രത്യേകം സമർപ്പിക്കുന്നു. അവർ ചെയ്യുന്ന സേവനം വിലയേറിയതാണെന്നും ഓർമ്മിപ്പിക്കുന്നു.
മാനസികരോഗം അനുഭവിക്കുന്നവരുടെയും മാനസികാരോഗ്യ വിദഗ്ധരുടെയും മധ്യസ്ഥയായ വിശുദ്ധ ഡിംഫ്നയുടെ ചിത്രം കൈയ്യിലേന്തി, ഹൃദയത്തിന്റെ അഗാധതലങ്ങളും ആരും കാണാത്ത നിശബ്ദമായ മുറിവുകളും അറിയുന്ന ദൈവത്തോട് പാപ്പ പ്രാർത്ഥിക്കുന്ന വീഡിയോയാണ് ആഗോളതലത്തിൽ പങ്കുവച്ചിരിക്കുന്നത്.

