വെട്ടുകാട്: തീർഥാടകരുടെയും യാത്രക്കാരുടെയും യാത്ര കൂടുതൽ സൗകര്യപ്രദമാക്കുന്നതിനായി കെ.എസ്.ആർ.ടി.സി തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ നിന്ന് വെട്ടുകാട് വഴി വേളാങ്കണ്ണിയിലേക്ക് പുതിയ തീരദേശ വീക്കൻഡ് സൂപ്പർ ഡീലക്സ് സർവീസ് ആരംഭിച്ചു. സർവീസിന്റെ ഉദ്ഘാടനം ഫാ. ഷാജു വില്യം വെട്ടുകാട് പള്ളി അങ്കണത്തിൽ നിർവ്വഹിച്ചു. അന്തർസംസ്ഥാന സർവീസ് ശൃംഖല കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി, വെട്ടുകാട് പള്ളി ഉൾപ്പെടെയുള്ള വിവിധ തീർഥാടന കേന്ദ്രങ്ങളിൽ നിന്നും ഗതാഗത വകുപ്പ് മന്ത്രിക്ക് ലഭിച്ച ആവശ്യങ്ങളും നിവേദനങ്ങളും പരിഗണിച്ചാണ് പുതിയ സർവീസ് ആരംഭിച്ചിരിക്കുന്നത്.
തെക്കൻ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് തമിഴ്നാട്ടിലെ പ്രധാന തീർഥാടന കേന്ദ്രമായ വേളാങ്കണ്ണിയിലേക്കും മധുര, തഞ്ചാവൂർ, നാഗപട്ടണം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കും സുരക്ഷിതവും സൗകര്യപ്രദവും സമയബന്ധിതവുമായ യാത്രാസൗകര്യം ഒരുക്കുകയാണ് സർവീസിന്റെ പ്രധാന ലക്ഷ്യം. തെക്കൻ കേരളത്തിലെ തീരദേശ മേഖലകളിൽ നിന്നുള്ള യാത്രക്കാർക്ക് വെട്ടുകാട് വഴി നേരിട്ട് വേളാങ്കണ്ണിയിലെത്തുന്നതിനും സർവീസ് ഏറെ പ്രയോജനകരമാകും. തിരുവനന്തപുരം – വെട്ടുകാട് – വിഴിഞ്ഞം – പൂവാർ – കളിയിക്കാവിള – നാഗർകോവിൽ – തിരുനെൽവേലി – സാത്തൂർ – മധുര – തിരുച്ചിറപ്പള്ളി – തഞ്ചാവൂർ – വേളാങ്കണ്ണി എന്ന രീതിയിലാണ് സർവീസിന്റെ റൂട്ട് ക്രമീകരിച്ചിരിക്കുന്നത്.
സർവീസ് സമയക്രമം…
എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് 6.00ന് തിരുവനന്തപുരം നിന്ന് പുറപ്പെടും.
– 6.25–6.30ന് വെട്ടുകാട് എത്തുകയും
– തുടർന്ന് ശനിയാഴ്ച രാവിലെ 6.30ന് വേളാങ്കണ്ണിയിൽ എത്തിച്ചേരും.
തിരിച്ചുള്ള യാത്ര…
എല്ലാ ശനിയാഴ്ചയും വൈകിട്ട് 6.00ന് വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെടും.
– ഞായറാഴ്ച രാവിലെ 5.50ന് വെടുകാട് എത്തും.
– തുടർന്ന് 6.15ന് തിരുവനന്തപുരത്ത് എത്തിച്ചേരും.
മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ‘Ente KSRTC Neo-OPRS’ മൊബൈൽ ആപ്ലിക്കേഷൻ, കെ.എസ്.ആർ.ടി.സിയുടെ ഔദ്യോഗിക വെബ്സൈറ്റ്, വാട്സാപ്പ് ടിക്കറ്റിംഗ് സൗകര്യം എന്നിവ പ്രയോജനപ്പെടുത്താം.
