കാച്ചാണി: തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ വിശുദ്ധ യൂദാ തദേവൂസിന്റെ നാമധേയത്തിലുള്ള കാച്ചാണി ഇടവകയിൽ ഹോം മിഷന് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു. മാർച്ച് 3 ഞായറാഴ്ച ഇടവക വികാരിയും അതിരൂപത ബി.സി.സി എക്സിക്യൂട്ടീവ് സെക്രട്ടറിയുമായ ഫാ. ഡാനിയേലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെയാണ് കുടുംബകേന്ദ്രീകൃത അജപാലന യജ്ഞത്തിന് തുടക്കമായത്.
സുവിശേഷത്തിലെ ക്രിസ്തു ദേവാലയ ശുദ്ധീകരണം നടത്തുന്ന വചനഭാഗം ഓർമ്മപ്പെടുത്തിക്കൊണ്ട്, ഇടവകയിലെ ഓരോ വ്യക്തിയും, കുടുംബവും ദൈവം വസിക്കുന്ന ദേവാലയമാണെന്ന് വചന സന്ദേശത്തിൽ ഫാ. ഡാനിയേൽ ഓർമ്മപ്പെടുത്തി. ഹോം മിഷൻ പ്രവർത്തനങ്ങളോട് പൂർണമായി സഹകരിച്ചു കൊണ്ട് ഒരു ആത്മീയ നവീകരണത്തിലേക്ക് കടന്നുവരുവാൻ കുടുംബങ്ങൾക്ക് സാധിക്കട്ടേയെന്ന് ആശംസിക്കുകയും കത്തിച്ച തിരി സന്യസ്തർക്ക് നൽകി ഹോം മിഷന് രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു.
വരുംദിവസങ്ങളിൽ പ്രത്യേകം പരിശീലനം ലഭിച്ച അതിരൂപതയിൽ സേവനം ചെയ്യുന്ന വ്യത്യസ്ത കോൺഗ്രിഗേഷനിലെ 16 സന്യസ്തർ എല്ലാ കുടുംബങ്ങളിലും സന്ദർശനം നടത്തും. സന്ദർശനത്തോടനുബന്ധിച്ച് നടത്തുന്ന നിരീക്ഷണങ്ങളിൽ നിന്നും ലഭ്യമാകുന്ന കണ്ടെത്തലുകൾ ഇടവകസമൂഹത്തിന്റെ സമസ്ത മേഖലകളിലെയും വളർച്ചയും തളർച്ചയും വ്യക്തമാക്കും. ഹോം മിഷൻ ടീം നടത്തുന്ന നിരീക്ഷണങ്ങൾ ഇടവക വികാരി, ഫെറോന വികാരി, ഇടവക കൗൺസിൽ, വിവിധ ശുശ്രൂഷകളിലെ ബന്ധപ്പെട്ടവർ എന്നിവരെ നടപടി ക്രമമനുസരിച്ച് അറിയിക്കും. 2024 മാർച്ച് മാസം 10-ാം തീയതി അതിരൂപത സഹായ മെത്രാൻ റൈറ്റ്. റവ. ഡോ. ക്രിസ്തുദാസ് പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതോടെ ഹോം മിഷന്റെ രണ്ടാം ഘട്ടത്തിന് സമാപനമാകും. തുടർന്ന് ഇടവക കൗൺസിൽ നടത്തുന്ന മൂന്നാം ഘട്ട തുടർപ്രവർത്തനങ്ങൾക്ക് ഇടവക അജപാലന സമിതി നേതൃത്വം നൽകും.