കഴക്കൂട്ടം: കഴക്കൂട്ടം ഫൊറോനയിൽ ബിസിസി സംഗമം നടന്നു. മാർച്ച് 3 ഞായറാഴ്ച ഉച്ചയ്ക്ക് സെന്റ് ജോസഫ് ഇടവകയിൽ വച്ച് നടന്ന സംഗമം ആർച്ച്ബിഷപ് തോമസ് ജെ. നെറ്റോ ഉദ്ഘാടനം ചെയ്തു. ദൈവം വസിക്കുന്ന ആലയമാണ് നാമോരോരുത്തരും, അതിനാൽതന്നെ മറ്റുള്ളവരിൽ ദൈവത്തെ ദർശിക്കാൻ സാധിക്കണമെന്നും അവർ ഏതവസ്ഥയിലായിരുന്നാലും മാനിക്കപ്പെടണമെന്നും തന്റെ ഉദ്ഘാടന സന്ദേശത്തിൽ ആർച്ച്ബിഷപ് പറഞ്ഞു.
കഴക്കൂട്ടം ഫൊറോന വികാരി റവ. ഫാ. ജോസഫ് ബാസ്റ്റിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫെറോനാ ബിസിസി കോഡിനേറ്റർ ഫാ. ഇമ്മാനുവൽ സ്വാഗതം പറഞ്ഞു. ബിസിസി ഭാരവാഹികൾക്കുണ്ടായിരിക്കേണ്ട നേതൃഗുണങ്ങളെക്കുറിച്ച് അതിരൂപത ബിസിസി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാദർ ഡാനിയേൽ ആർ ക്ലാസ് നയിച്ചു. ഭരിക്കാനുള്ള ഇടങ്ങളെല്ലാം മറിച്ച് മറ്റുള്ളവരെ കേൾക്കാനുള്ള ഇടങ്ങൾ ആകണം ബിസിസി കൂട്ടായ്മകളെന്നും, ആദിമസഭയുടെ ചൈതന്യം ഉൾക്കൊണ്ട് കൂട്ടായ്മയിൽ ജീവിക്കുന്ന സമൂഹങ്ങളായി നാം മാറണമെന്നും ക്ലാസ്സിൽ ഫാ. ഡാനിയേൽ പറഞ്ഞു.
കഴക്കൂട്ടം ഫൊറോന ബിസിസി സെക്രട്ടറി ഫ്രെഡറിക് പെരേര ആശംസയും, ആനിമേറ്റർ സിസ്റ്റർ മിലി സേവ്യർ കൃതജ്ഞതയും പറഞ്ഞു. വിവിധ ഇടവകകളിൽ നിന്നും 150 ഓളം ബിസിസി ഭാരവാഹികളും ശുശ്രൂഷ ഭാരവാഹികളും സംഗമത്തിൽ പങ്കെടുത്തു.