മാരാരിക്കുളം: കുഞ്ഞുങ്ങളെ ജീവിതസുഖത്തിന് തടസമായി കാണുന്ന പ്രവണതകൾ വർധിക്കുന്ന കാലഘട്ടത്തിൽ ജീവനെ ദൈവത്തിന്റെ മഹത്തായ ദാനമായി സ്വീകരിച്ച് മാതൃകയാകുകയാണ് മാരാരിക്കുളം ഇടവകാംഗങ്ങളായ സോണി-സിനി ദമ്പതികൾ. തങ്ങൾക്ക് ലഭിച്ച ഏഴാമത്തെ കുഞ്ഞിനെയും ദൈവാനുഗ്രഹമായി ഹൃദയപൂർവം സ്വീകരിച്ച ഇവരുടെ കുടുംബസാക്ഷ്യം ശ്രദ്ധേയമാകുകയാണ്.
“കർത്താവിന്റെ ദാനമാണ് മക്കൾ, ഉദരഫലം ഒരു സമ്മാനവും” (സങ്കീർത്തനം 127:3) എന്ന തിരുവചനത്തെ ജീവിതത്തിൽ പ്രാവർത്തികമാക്കുന്ന ഈ ദമ്പതികൾ, ഓരോ കുഞ്ഞിനെയും ദൈവം ഏല്പിക്കുന്ന അമൂല്യ സമ്മാനമായാണ് കാണുന്നത്. അടുത്തിടെ നടന്ന ഏഴാമത്തെ കുഞ്ഞിന്റെ ജ്ഞാനസ്നാന ചടങ്ങ് ജീവന്റെ പവിത്രതയും മഹത്വവും വിളിച്ചോതുന്ന സാക്ഷ്യമായി മാറി.
ചടങ്ങിൽ കുഞ്ഞിന്റെ തലതൊട്ടപ്പനായി ആലപ്പുഴ എംഎൽഎയായ എഡി തോമസ് പങ്കെടുത്തു. ജീവന്റെ മൂല്യവും കുടുംബ ജീവിതത്തിന്റെ വിശുദ്ധിയും സമൂഹത്തിനു മുന്നിൽ ഉയർത്തിക്കാട്ടുന്ന സന്ദർഭമായാണ് അദേഹം ചടങ്ങിനെ വിശേഷിപ്പിച്ചത്.
ഏഴ് മക്കളുടെ മാതാപിതാക്കളായ സോണി-സിനി ദമ്പതികൾ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ദൈവവിശ്വാസത്തോടെ മുന്നേറിക്കൊണ്ട് ഓരോ ജീവനും അമൂല്യമാണെന്ന സന്ദേശം സമൂഹത്തിന് നൽകുകയാണ്. കുടുംബത്തിന്റെ ഈ വിശ്വാസസാക്ഷ്യം ജീവനെ സ്വീകരിക്കുന്ന സംസ്കാരത്തിന്റെ പ്രസക്തി വീണ്ടും ഓർമ്മിപ്പിക്കുന്നതായും ഇടവകാംഗങ്ങൾ അഭിപ്രായപ്പെട്ടു.
