വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പായുടെ ആത്മീയവും വ്യക്തിപരവുമായ ചിന്തകളിലേക്ക് കൂടുതൽ ആഴത്തിൽ വെളിച്ചം വീശുന്ന അദേഹത്തിന്റെ സ്വകാര്യ കുറിപ്പുകൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നു. വിശ്വാസ കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് രചിച്ച ‘ദി പ്രൈവറ്റ് ഡയറി ഓഫ് പോപ്പ് ഫ്രാൻസിസ്’ എന്ന പുസ്തകം നവംബർ 24 ന് വത്തിക്കാൻ പബ്ലിഷിംഗ് ഹൗസ് പുറത്തിറക്കും.
1992 ഡിസംബർ 20 മുതൽ 2024 ഓഗസ്റ്റ് 18 വരെയുള്ള കാലയളവിൽ ജോർജ് മരിയോ ബെർഗോളിയോ രേഖപ്പെടുത്തിയ സ്വകാര്യ കുറിപ്പുകൾ ഉൾപ്പെടുത്തിയും അവ വിശകലനം ചെയ്തുമാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. പാപ്പാ ഫ്രാൻസിസിന്റെ വ്യക്തിത്വം, വിശ്വാസ ജീവിതം, ആത്മീയ യാത്ര, സഭയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകൾ എന്നിവയെ അടുത്തറിയാൻ പുസ്തകം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2013 മാർച്ച് 13 ന് കത്തോലിക്കാ സഭയുടെ 266-ാമത് പാപ്പായായി തിരഞ്ഞെടുക്കപ്പെട്ട ഫ്രാൻസിസ് പാപ്പാ 2025 ഏപ്രിൽ 21ന് നിത്യസമ്മാനത്തിനായി വിളിക്കപ്പെടുന്നതുവരെ സഭയെ നയിച്ചു. ജെസ്യൂട്ട് പാപ്പായുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെയുള്ള ആത്മപരിശോധനകളും ആന്തരിക ചിന്തകളും പുസ്തകത്തിൽ പ്രതിഫലിക്കുമെന്നാണ് വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ലോകമെമ്പാടുമുള്ള 94 രാജ്യങ്ങളിൽ നവംബർ 24 ന് ഒരേസമയം പുസ്തകം പുറത്തിറങ്ങും. ആദ്യഘട്ടത്തിൽ ഇറ്റാലിയൻ, സ്പാനിഷ്, ഇംഗ്ലീഷ്, പോർച്ചുഗീസ്, ഫ്രഞ്ച് എന്നീ അഞ്ച് ഭാഷകളിലാണ് പ്രസിദ്ധീകരണം.


