കൊച്ചി: യുഡിഎഫ് സര്ക്കാരിന്റെ ആദ്യഘട്ട പ്രവര്ത്തനങ്ങള് പ്രത്യാശാഭരിതവും അഭിനന്ദനാര് ഹവുമാണെന്ന് കെസിബിസി ജാഗ്രത കമ്മീഷന്. മുതിര്ന്ന പൗരന്മാരുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള ബില് നിയമസഭയില് അവതരിപ്പിച്ചത്, വയോജന ക്ഷേമത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കാനുള്ള തീരുമാനം തുടങ്ങിയവ ഭരണനിര്വഹണത്തിലെ ശ്രദ്ധേയമായ നേട്ടങ്ങളാണെന്ന് കെസിബിസി ജാഗ്രത കമ്മീഷന് സെക്രട്ടറി റവ. ഡോ. ആന്റണി എല് OFM Cap പുറത്തിറക്കിയ പ്രസ്താവനയില് ചൂണ്ടിക്കാട്ടി.
മയക്കുമരുന്ന് വ്യാപനത്തിനെതിരായ ‘തൂഫാന്’ പദ്ധതി, വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ ദീര്ഘകാല ആവശ്യങ്ങള് പരിഗണിച്ച് വിവിധ പദ്ധതികള്ക്ക് തുടക്കംകുറിച്ചത് തുടങ്ങിയ നടപടി കള് വലിയ പ്രതീക്ഷ നല്കുന്നവയാണ്. വിവിധ സര്ക്കാര് വകുപ്പുകളില് കാലങ്ങളായി കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് ഫയലുകള് ഡിസംബര് 31-നുള്ളില് തീര്പ്പാക്കുന്നതിനായി പ്രഖ്യാപിച്ചിരിക്കുന്ന ‘ജനസ്പര്ശം’ പദ്ധതിയും ജനകീയ ഭരണത്തിലേക്കുള്ള പ്രധാന ചുവടുവയ്പാണ്.
പരിസ്ഥിതിലോല (ഇഎസ്എ), തീരദേശ മേഖലകളിലെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്, മലയോര മേഖലകളില് വര്ധിച്ചുവരുന്ന മനുഷ്യവന്യജീവി സംഘര്ഷം, മുനമ്പത്തെ ജനങ്ങളുടെ റവന്യൂ അവകാശം പുനഃസ്ഥാപനം തുടങ്ങിയ വിഷയങ്ങള് ശാശ്വതമായി പരിഹരിക്കാന് സര്ക്കാര് അടിയന്തരമായി ഇടപെടണമെന്നും ജെ.ബി കോശി കമ്മീഷന് റിപ്പോര്ട്ടിലെ ശുപാര്ശകള് നടപ്പിലാക്കണമെന്നും ജാഗ്രത കമ്മീഷന് ആവശ്യപ്പെട്ടു.
