വലിയതുറ: വലിയതുറ ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ അധ്യാപക സംഗമം 2K26 സംഘടിപ്പിച്ചു. ഒക്ടോബർ 2 വെള്ളിയാഴ്ച വലിയതുറ സെന്റ് ആന്റണീസ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സംഗമം ഫെറോനാ വിദ്യാഭ്യാസ ശുശ്രൂഷ സമിതി വൈദിക കോഡിനേറ്റർ ഫാ. ക്രിസ്റ്റൽ റൊസാരിയോ ഉദ്ഘാടനം ചെയ്തു. വലിയതുറ ഇടവക വികാരി ഫാ. സജു റോൾഡൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് വിരമിച്ച അധ്യാപകരായ പുഷ്പം, രാജു എന്നിവർ അധ്യാപന ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെച്ചു.
തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലെ റിട്ടയേർഡ് പ്രൊഫസറും, അതിരൂപത കനവ് റിസോഴ്സ് ടീം അംഗവും, എഴുത്തുകാരിയുമായ ഐറിസ് കൊയ്ലോ ‘വിദ്യാഭ്യാസ ശുശ്രൂഷ സമിതിയിലും ഇടവക ഫെറോന പ്രവർത്തനങ്ങളിലും അധ്യാപകരുടെ പങ്കാളിത്തവും സമൂഹത്തിലും വിദ്യാർത്ഥികൾക്കിടയിലും നടത്തേണ്ട ഇടപെടലുകളും’ എന്നിവയെ കുറിച്ച് ക്ലാസ് നയിച്ചു. സംഗമത്തിൽ ഫെറോനയിലെ 10 ഇടവകയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഓരോ അധ്യാപകരെ ആദരിച്ചു. വിവിധ ഇടവകകളിൽ നിന്നും അധ്യാപകരും വിദ്യാർത്ഥികളും കലാപരിപാടികൾ അവതരിപ്പിച്ചു. ഫെറോന ആനിമേറ്റർ മേരി ഫാത്തിമ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി എക്സിക്യൂട്ടീവ് അംഗം മൃദുല ജോൺസൺ സ്വാഗതവും വേളി ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി കൺവീനർ മറിയം നന്ദിയും പറഞ്ഞു.


