വട്ടിയൂർക്കാവ്: വട്ടിയൂർക്കാവ് ഫൊറോന ബി.സി.സി സമിതി ലിയോ 14-ാമൻ പാപ്പയുടെ ‘ദിലേക്സി തേ (ഞൻ നിന്നെ സ്നേഹിച്ചു)’ എന്ന അപ്പസ്തോലിക പ്രബോധനത്തെക്കുറിച്ച് ക്ലാസ് നടത്തി. വട്ടിയൂർക്കാവ് ഫൊറോനയിലെ ബി.സി.സി ഭാരവാഹികൾക്കായി സംഘടിപ്പിച്ച ക്ലാസിൽ 9 ഇടവകകളിൽ നിന്നായി 70-ഓളം നേതാക്കൾ പങ്കെടുത്തു. ഫാ. ലോറൻസ് കുലാസ് നയിച്ച ക്ലാസിൽ പങ്കെടുത്തവർക്ക് ഹാൻഡ്ബുക്ക് വിതരണം ചെയ്തു. ‘ക്രിസ്തുവിന്റെ സ്നേഹം ദരിദ്രരോടുള്ള സ്നേഹമാണ്’ എന്നതാണ് ഈ പ്രബോധനത്തിന്റെ പ്രധാന സന്ദേശമെന്ന് ക്ലാസിൽ വിശദീകരിച്ചു.
പങ്കെടുത്തവരെ 5 ഗ്രൂപ്പുകളായി തിരിച്ച് ചർച്ച നടത്തി. ദാരിദ്ര്യത്തിന്റെ വിവിധ മുഖങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും, ദരിദ്രരെ ശാക്തീകരിക്കണമെന്നും, ഭവനരഹിതർക്കും രോഗികൾക്കും സ്നേഹത്തോടെ കാരുണ്യം നൽകണമെന്നും, വ്യക്തിപരമായ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും ചർച്ചയുടെ ഫലമായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ജ്യോതികുമാർ സ്വാഗതവും സിസ്റ്റർ സോണി നന്ദിയും പറഞ്ഞു. സംഘാടന ചുമതല ജോർജ് വിൻസെന്റ് നിർവഹിച്ചു.

