വെള്ളയമ്പലം: തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ 117 ദൈവാലയങ്ങളില്‍ നിന്നുള്ള ബി.സി.സി. കോ-ഓര്‍ഡിനേറ്റര്‍മാരുടെയും സിസ്റ്റര്‍ ആനിമേറ്റര്‍മാരുടെയും വൈദിക കോ-ഓര്‍ഡിനേറ്റര്‍മാരുടെയും അതിരൂപതതല സംഗമം ഏപ്രില്‍ മാസം 13-ാം തീയതി വെള്ളയമ്പലം ടി.എസ്.എസ്.എസ്. ഹാളില്‍ വച്ച് നടന്നു. അതിരൂപതാ ബി.സി.സി. എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ഡാനിയേല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ അതിരൂപതാ ശുശ്രൂഷാ കോ-ഓര്‍ഡനേറ്റര്‍ ഫാ. ലോറന്‍സ് കുലാസ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയും തുടര്‍ന്ന് നടന്ന പാനല്‍ ചര്‍ച്ചയ്ക്ക് മോഡറേറ്ററാകുകയും ചെയ്തു.
“സാമുദായിക സംഘടനകള്‍ സഭയുടെയും സമൂഹത്തിന്‍റെയും ഉന്നമനത്തിന്” എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പരിശീലനത്തില്‍ കെ.ആര്‍.എല്‍.സി.സി. വൈസ്പ്രസിഡന്‍റ് ജൂഡ് ജോസഫിന്‍റെ അസാന്നിദ്ധ്യത്തില്‍ ബി.സി.സി. ആനിമേറ്റര്‍ ശ്രീമതി സുശീല ജോ പാര്‍ലമെന്‍റ് ഇലക്ഷന്‍റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം രൂപത തയ്യാറാക്കിയ അവകാശപത്രിക അവതരിപ്പിച്ചു. തുടര്‍ന്ന് തിരുവനന്തപുരം അതിരൂപത കെ.എല്‍.സി.എ. പ്രസിഡന്‍റ്. ശ്രീമാന്‍ പാട്രിക് മൈക്കിള്‍, കെ.എല്‍.സി.ഡബ്ല്യൂ.എ. പ്രസിഡന്‍റ് ശ്രീമതി ജോളി പത്രോസ്, ഡി.സി.എം.എസ്. പ്രസിഡന്‍റ്. ശ്രീമാന്‍ ജോര്‍ജ് പള്ളിത്തറ, കെ.സി.വൈ.എം. പ്രസിഡന്‍റ് സനു സാജന്‍ എന്നിവര്‍ അതിരൂപതയിലെ വിവിധ ഇടവകകളില്‍ സാമൂഹിക സംഘടനകള്‍ രൂപീകരിക്കേണ്ടതിന്‍റെ ആവശ്യകതയെ പറ്റിയും അല്മായ ശാക്തീകരണം ഊര്‍ജ്ജിതമാക്കുന്നതിനെപ്പറ്റിയും സംസാരിച്ചു.
അതിരൂപതാ വികാരി ജനറല്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ കെ.ആര്‍.എല്‍.സി.സി. സ്വീകരിച്ചിരിക്കുന്ന പുതിയ നയമായ “സമരദൂരത്തില്‍ നിന്ന് ശരിദൂരത്തിലേക്ക്” എന്ന വിഷയത്തെപ്പറ്റി വിശദമായി സംസാരിച്ചു. അതിരൂപതാ ചൈൽഡ് കമ്മീഷന്‍ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ഡേവിഡ്സന്‍ ജസ്റ്റസ് നിലവില്‍ കുട്ടികളുടെ കൂട്ടായ്മ ഇല്ലാത്ത ഇടവകകളില്‍ ലിറ്റില്‍വേ എന്നപേരില്‍ കുട്ടികള്‍ക്കായി ഒരു കൂട്ടായ്മ രൂപീകരിക്കേണ്ട അവശ്യകതയെക്കുറിച്ച് സംസാരിച്ചു.