വത്തിക്കാൻ: ലിയോ പതിനാലാമൻ പാപ്പായുടെ ആദ്യ ചാക്രികലേഖനം ‘മാഗ്നിഫിക്ക ഹ്യൂമാനിറ്റാസ്’ മെയ് 25 ന് പ്രസിദ്ധീകരിക്കും. വത്തിക്കാന്റെ സിനഡ് ഹാളിൽ നടക്കുന്ന പ്രകാശന ചടങ്ങിൽ ലിയോ പാപ്പ സംസാരിക്കും. കൃത്രിമബുദ്ധിയുടെ യുഗത്തിൽ മനുഷ്യ അന്തസ്സിന്റെ സംരക്ഷണമാണ് ചാക്രിക ലേഖനത്തിന്റെ ഉള്ളടക്കം. ഡിജിറ്റൽ വിപ്ലവത്തെക്കുറിച്ചും AI പോലുള്ള ഉയർന്നുവരുന്ന സാങ്കേതികവിദ്യകളെക്കുറിച്ചും ധാർമ്മിക മാർഗ്ഗനിർദ്ദേശം നൽകുന്ന കത്തിൽ മെയ് 15 ന് ലിയോ ഒപ്പുവച്ചു.
1891-ൽ ലിയോ പതിമൂന്നാമൻ മാർപ്പാപ്പ പുറത്തിറക്കിയ മൂലധനത്തെയും അധ്വാനത്തെയും കുറിച്ചുള്ള ചാക്രികലേഖനമായ ‘റെറം നൊവാരം, ഓഫ് ന്യൂ തിംഗ്സ്’ പ്രസിദ്ധീകരിച്ചതിന്റെ 135-ാം വാർഷികമായിരുന്നു മെയ് 15. ആധുനിക കത്തോലിക്കാ സഭയിൽ നിർമ്മിക്കപ്പെട്ട നിരവധി സാമൂഹിക ചാക്രികലേഖനങ്ങളിൽ ആദ്യത്തേതാണ് ഇത്. വ്യാവസായിക വിപ്ലവത്തോട് പ്രതികരിച്ചുകൊണ്ട് തന്റെ മുൻഗാമിയായ ലിയോ പതിമൂന്നാമന്റെ പാത പിന്തുടരാൻ ഉദ്ദേശിക്കുന്നതായി ലിയോ പതിനാലാമൻ മാർപ്പാപ്പ തന്റെ പാപ്പാത്വത്തിന്റെ തുടക്കത്തിൽ സൂചിപ്പിച്ചിരുന്നു. അതിന് സമാനമായാണ് കൃത്രിമബുദ്ധിയുടെ യുഗത്തിൽ ലിയോ പാപ്പായുടെ ചാക്രിക ലേഖനം പുറത്തിറങ്ങുന്നത്.
