ഇന്ത്യയില്‍ ഒരു പൊതു തിരഞ്ഞെടുപ്പിന്‍റെ കാഹളം മുഴങ്ങുകയാണ്. ജാഗ്രതയോടും ശ്രദ്ധയോടും തങ്ങളുടെ ജനാധിപത്യാവകാശമായ വോട്ടെടുപ്പില്‍ പങ്കാളികളാകാനും തങ്ങള്‍ക്ക് ഭരണഘടനാപരമായി ലഭിച്ച സമ്മതിദാനാവകാശത്തില്‍ പങ്കാളികളാകാനുമുള്ള വലിയ ഉത്തരവാദിത്വം നിര്‍വഹിക്കാനുള്ള അവസരം കൂടിയാണിത്. ഈ സമ്മതിദാനാവകാശം എല്ലാ പൗരന്മാരും ഉപയോഗിച്ചുകൊണ്ട് രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുവാനും ഭരണഘടനാമൂല്യങ്ങളായ സ്വാതന്ത്ര്യം, സമത്വം സാഹോദര്യം എന്നിവ ഉയര്‍ത്തിപ്പിടിക്കാനുള്ള അവസരമാണ്. സ്വതന്ത്ര ഇന്ത്യയുടെ മാഗ്നാകാര്‍ട്ട എന്ന് വിശേഷിപ്പിക്കുന്ന ഭരണഘടനയുടെ അന്തസത്തയായ പരമാധികാര, സ്ഥിതിസമത്വ, ജനാധിപത്യ, മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് എല്ലാ പൗരന്മാര്‍ക്കും സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയവുമായ നീതിയും, ചിന്തയ്ക്കും അഭിപ്രായ പ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യവും, പദവിയിലും അവസരത്തിലും സമത്വവും സംപ്രാപ്തമാക്കുവാനും അവര്‍ക്കെല്ലാമിടയില്‍ വ്യക്തിയുടെ അന്തസ്സും (രാഷ്ട്രത്തിന്‍റെ ഐക്യവും അഖണ്ഡതയും) ഉറപ്പുവരുത്തിക്കൊണ്ട് സാഹോദര്യവും സഹവര്‍ത്തിത്വവും പുലര്‍ത്തുവാനും ഇന്ത്യയുടെ പൗരന്മാരെന്ന നിലയില്‍ നമുക്കേവര്‍ക്കും ഉത്തരവാദിത്വമുണ്ട്. ആ മഹത്തായ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ നിന്നും പ്രായപൂര്‍ത്തിയായ ഒരു പൗരനും പിന്തിരിഞ്ഞ് നിന്നുകൂടാ.
കേരളത്തിലെ ലത്തീന്‍ സമുദായം എന്നും സാമൂഹ്യമുന്നേറ്റത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. 1891 ലെ മലയാളി മെമ്മോറിയല്‍ സമര്‍പ്പണത്തിലും 1934 ല്‍ തിരുവിതാംകൂറിലാരംഭിച്ച നിവര്‍ത്തന പ്രക്ഷോഭത്തിലും തിരുവിതാംകൂര്‍ ലത്തീന്‍ ക്രിസ്ത്യന്‍ മഹാജനസഭ മുന്‍നിരയില്‍ നിന്ന് പോരാടി. 1938 ല്‍ തിരുവിതാംകൂറില്‍ സ്റ്റേറ്റ് കോണ്‍ഗ്രസും കൊച്ചിയില്‍ പ്രജാമണ്ഡലവും ഉത്തരവാദിത്വ ഭരണത്തിനുവേണ്ടി നടത്തിയ പ്രക്ഷോഭങ്ങളില്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച ലത്തീന്‍ കത്തോലിക്കര്‍ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലും ധീരമായി പ്രവര്‍ത്തിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പൊതുതാല്പര്യം പരിഗണിച്ച് സമുദായ സംഘടനയെ പിരിച്ചുവിട്ടെങ്കിലും സമുദായ പ്രാധാന്യം രാഷ്ട്രീയ പൊതുരംഗങ്ങളില്‍ അവഗണിക്കപ്പെടുകയാണുണ്ടായത്. തുടര്‍ന്ന് 1972 ല്‍ രൂപം കൊണ്ട കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍റെ ഇടപെടലുകള്‍ സമുദായത്തിന്‍റെ ആവശ്യങ്ങള്‍ പൊതുമണ്ഡലങ്ങളില്‍ ഉയര്‍ത്തിയെങ്കിലും കാലക്രമേണ ശക്തിക്ഷയിച്ചു. ഈ സന്ദര്‍ഭത്തിലാണ് 2002 ല്‍ കേരള റീജന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) രൂപീകരിച്ചത്. പടിപടിയായി സമുദായത്തിന്‍റെ വളര്‍ച്ച ലക്ഷ്യംവച്ചുകൊണ്ടുള്ള ശ്രദ്ധേയമായ ഇടപെടലുകളാണ് കെആര്‍എല്‍സിസി നടത്തിവരുന്നത്.
2005 ജൂണ്‍ 17, 18, 19 തീയതികളില്‍ തിരുവനന്തപുരത്ത് വച്ചു നടന്ന കെആര്‍എല്‍സിസി സമ്മേളനം സമുദായത്തിന്‍റെ രാഷ്ട്രീയ നയം പ്രഖ്യാപിച്ചു. “മൂല്യാധിഷ്ഠിതവും പ്രശ്നാധിഷ്ഠിതവുമായ സമദൂരം” എന്ന നയമാണ് സമ്മേളനം അംഗീകരിച്ചത്. മേല്പറഞ്ഞ നിലപാടില്‍ ഉറച്ചുനില്‍ക്കുമ്പോഴും സമുദായം നേരിടുന്ന സങ്കീര്‍ണമായ പ്രശ്നങ്ങളോട് മാറിമാറിവരുന്ന ഭരണകൂടങ്ങള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പരിഗണിക്കാത്ത സ്ഥിതിവിശേഷമാണുള്ളത്. ഈ പശ്ചാത്തലത്തില്‍ 2024 മാര്‍ച്ചു മാസം നടന്ന കെആര്‍എല്‍സിസി രാഷ്ട്രീയ കാര്യസമിതി, കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) തിരുവനന്തപുരം അതിരൂപത രാഷ്ട്രീയ കാര്യസമിതി എന്നിവയുടെ യോഗങ്ങളില്‍, നിലപാട് ‘പ്രശ്നാധിഷ്ഠിത മൂല്യാധിഷ്ഠിത സമദൂരത്തില്‍ നിന്ന് പ്രശ്നാധിഷ്ഠിത മൂല്യാധിഷ്ഠിത ശരിദൂരത്തിലേക്ക് മാറേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞു. സമുദായം നേരിടുന്ന ഗൗരവമേറിയ പ്രശ്നങ്ങള്‍ പരിഹരികുന്നതിന് മുന്നോട്ടുവരുന്ന രാഷ്ട്രീയ പാര്‍ട്ടികളെ ഈ തിരഞ്ഞെടുപ്പിൽ പിന്തുണയ്ക്കാനാണ് ഈ നയമാറ്റത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇതിന്‍റെ വെളിച്ചത്തില്‍ തയ്യാറാക്കിയ അവകാശ പത്രികയുടെ സംക്ഷിപ്തമാണ് ചുവടെ വിശദീകരിക്കുന്നത്.
അവകാശ പത്രിക
പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം, ആറ്റിങ്ങള്‍ മണ്ഡലങ്ങളില്‍ രാഷ്ട്രീയ കാര്യസമിതി മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍:
- വിഴിഞ്ഞം തുറമുഖം മൂലമുണ്ടാകുന്ന തീരശോഷണവും ഭവന-തൊഴില്‍ നഷ്ടവും മറ്റു പ്രശ്നങ്ങളും ശാശ്വതമായി പരിഹരിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുക.
- ജനകീയ പഠനസമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും അതിനെക്കുറിച്ച് പരാമര്‍ശിക്കുകയോ സര്‍ക്കാര്‍ നിയോഗിച്ച പഠനസമിതി റിപ്പോര്‍ട്ട് പുറത്ത് വിടുകയോ ചെയ്യാതെ നീട്ടുന്നതുമൂലം ജനങ്ങളുടെ ആകുലത കൂടുകയും പ്രശ്ന പരിഹാരം ഇല്ലാതാവുകയും ചെയ്യുന്നു. തീരദേശ പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കുന്നതിന് കേരള സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാര്‍ പോര്‍ട്ട് നിര്‍മ്മാതാവ്, മത്സ്യത്തൊഴിലാളികള്‍ എന്നിവരെ വിളിച്ച് പരിഹാരം കണ്ടെത്തുക.
- മുതലപ്പൊഴിയിലെ അശാസ്ത്രീയത പരിഹരിച്ച് മത്സ്യത്തൊഴിലാളികളുടെ ജീവനും തൊഴിലിനും സുരക്ഷിതത്വം കൊടുക്കുക. മുതലപ്പൊഴിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മുന്നോട്ട് വച്ച 7 കാര്യങ്ങള്‍ നടപ്പിലാക്കാന്‍ കാലതാമസം ഉണ്ടാകുന്നത് പരിഹരിക്കുക.
- വിഴിഞ്ഞം സമരവുമായും മുതലപ്പൊഴി സമരവുമായും ബന്ധപ്പെട്ട് സഭാ സാമുദായിക പ്രതിനിധികള്‍ക്കെതിരെ എടുത്ത മുഴുവന്‍ ക്രിമിനല്‍ കേസുകളും പിന്‍വലിക്കുക.
- പൊഴിയൂര്‍ മുതല്‍ വര്‍ക്കല വരെയുള്ള കടല്‍ തീരങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ ഫലപ്രദമായും അടിയന്തിരമായും നടപ്പിലാക്കുക. പരുത്തിയൂര്‍, കൊല്ലങ്കോട് മേഖലയിലെ കടലാക്രമണം മൂലം ഉണ്ടാകുന്ന ഭവന തൊഴില്‍ നഷ്ടങ്ങള്‍ക്ക് അടിയന്തിര പരിഹാരം ഉണ്ടാകണം.
- ഒരു ചര്‍ച്ചയും കൂടാതെ ആവിഷ്കരിച്ച് നടപ്പിലാക്കി ക്കൊണ്ടിരിക്കുന്ന നീല സമ്പദ് വ്യവസ്ഥയുടെ ഭാഗമായി നടത്തുന്ന തീരക്കടല്‍ ആഴക്കടല്‍ ഘനനം, സാഗര്‍മാല, ടൂറിസം ഹബ്ബുകള്‍ എന്നിവയുടെ പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച് വിശദമായ പഠനം മത്സ്യത്തൊഴിലാളി, പരിസ്ഥിതി സംഘടനകളുടെയും സഹകരണത്തോടെ നടത്തുക. കടലിനും പരിസ്ഥിതിക്കും ആഘാതമുണ്ടാക്കുന്ന പദ്ധതികള്‍ ഉപേക്ഷിക്കുക.
- പാർവതി പുത്തനാര്‍ പുനരുദ്ധാരണത്തിന്‍റെ ഭാഗമായി വീടുകളും തൊഴിലും നഷ്ടപ്പെടുന്ന കുടുംബങ്ങളെ സൗകര്യപ്രദമായി പുനരധിവസിപ്പിക്കുക.
- തിരുവനന്തപുരം ജില്ലയിലെ തീരദേശ വാസികളുടെ അകാരണമായി തടഞ്ഞു വച്ചിരിക്കുന്ന പട്ടയങ്ങള്‍ അടിയന്തിരമായി നല്‍കാന്‍ നടപടി സ്വീകരിക്കുക.
- ദളിത് ക്രൈസ്തവ സംവരണം പലപ്പോഴായി എല്ലാ സര്‍ക്കാരുകളുടെയും മുന്നിലെത്തിച്ച വിഷയമാണ്. എന്നാല്‍ ഇതുവരെയും ഇതിന് പരിഹാരമായിട്ടില്ല. ഇതിന് അടിയന്തിര പരിഹാരം ഉണ്ടാകണം.
- സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന തീരദേശ ഹൈവേ പദ്ധതിമൂലം ഉണ്ടായേക്കാവുന്ന വ്യാപകമായ കുടിയൊഴിപ്പിക്കല്‍ ജനങ്ങളില്‍ വലിയ തോതിലുള്ള ആശങ്കയ്ക്ക് ഇടനല്‍കുകയാണ്. ഇത് പരിഹരിക്കാന്‍ നടപടി വേണം. തീരദേശ ഹൈവേയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിശദമായ പദ്ധതി രേഖ (DPR) പുറത്തു വിടുന്നതിനു മുന്‍പ് തന്നെ കല്ലിടല്‍ പരിപാടികളുമായി മുന്നോട്ട് പോകുന്നത് ജനങ്ങളില്‍ ആശങ്കയുളവാക്കുന്നു. പദ്ധതിയുടെ മുഴുവന്‍ വിശദവിവരങ്ങളും, പദ്ധതി സംബന്ധിച്ച് കൂടിയിറക്കപെടുന്നവര്‍ക്ക് നല്‍കുന്ന പാക്കേജിന്‍റെ വിശദാംശങ്ങളും അടിയന്തിരമായി സര്‍ക്കാര്‍ പ്രസിദ്ധീകരിക്കണം. പ്രാദേശിക സമൂഹങ്ങളുമായി കൂടിയാലോചിച്ച് അവരുടെ ആശങ്കകള്‍ പരിഹരിക്കണം.
- ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് എത്രയും വേഗം നടപ്പിലാക്കുക.ക്രെെസ്തവ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കുന്നതിനുവേണ്ടി നിയുക്തമായ ജെ. ബി. കോശി കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ലത്തീന്‍ കത്തോലിക്ക സമൂഹത്തിന്‍റെയും ദളിത് ക്രൈസ്തവരുടെയും, ആംഗ്ലോ ഇന്ത്യരുടെയും പ്രശ്നങ്ങള്‍ കൂടുതല്‍ തീവ്രവുമായതിനാല്‍ ഈ വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രത്യേക പദ്ധതികളും നയങ്ങളും ഉണ്ടാകണം.
- 2019 ലെ തീരനിയന്ത്രണ വിജ്ഞാപനത്തിന്‍റെ പ്ലാന്‍ (CRZ) നടപ്പിലാക്കുന്നതിലെ കാലതാമസം ഒഴിവാക്കുക. തീരദേശവാസികളുടെ വീടുകള്‍ക്ക് സ്ഥിര നമ്പര്‍ നല്കുക.
- മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ സമയങ്ങളില്‍ ആധാര്‍ കാര്‍ഡും മറ്റും കൈവശമുണ്ടായിരിക്കണം എന്ന നിബന്ധന മത്സ്യത്തൊഴിലാളികളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു. അത്തരം നിര്‍ദ്ദേശങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുക.
- വലിയതുറ കടൽപ്പാലം സംരക്ഷിക്കുക. വര്‍ഷങ്ങളായി മത്സ്യത്തൊഴിലാളികള്‍ മണ്‍സൂണ്‍ സമയങ്ങളിലും മറ്റും ആശ്രയിച്ചിരുന്ന വലിയതുറ കടല്‍പാലം അപകടത്തിലായി വര്‍ഷങ്ങളായി. വർഷങ്ങളായി അപകടത്തിലായ വലിയ തുറ കടൽപ്പാലത്തിൻ്റെ അവസ്ഥ സർക്കാരിൻ്റെയും മറ്റും ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഒരു നടപടികളും കൈക്കൊണ്ടില്ല. പാലം തകര്‍ന്ന് ഇപ്പോള്‍ രണ്ടായി മാറി. പാലം നിലനിര്‍ത്താനും സംരക്ഷിക്കുവാനും വേണ്ട നടപടികള്‍ ഉണ്ടാകണം.
- ലഹരിയുടെ വ്യാപനം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക.കേരളത്തിലും ഏറെ പ്രത്യേകിച്ച് തിരുവനന്തപുരം ജില്ലയിലും കൂടുതലായി വന്നു ചേരുന്നതും പുതുതലമുറയെ ഇല്ലാതാക്കുന്നതുമായ ലഹരിയുടെ അതിപ്രസരം തടയുന്നതിനാവശ്യമായ അടിയന്തിര നടപടികള്‍ ഉണ്ടാകണം. നാളെയുടെ തലമുറയെ വാര്‍ത്തെടുക്കാന്‍ പാകത്തിനും അവര്‍ക്ക് മുന്നോട്ടു പോകുന്നതിനുമായി ജോലി സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുക അതിനാവശ്യമായ കോച്ചിംഗ് സെന്‍ററുകള്‍ സ്ഥാപിക്കുക..
- സാമൂഹിക നീതിക്കായി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ജാതി സെന്‍സസ് നടപ്പിലാക്കുക.
- കടല്‍ കടലിന്‍റെ മക്കള്‍ക്ക് എന്ന പരമ്പരാഗത അവകാശം സംരക്ഷിച്ചുകൊണ്ടുള്ള നിയമനിര്‍മ്മാണം നടത്തുക.
- കടല്‍ / സമുദ്ര മിനിസ്ട്രി (സമുദ്ര മന്ത്രി) Ocean Ministry സമാരംഭിച്ച് കടല്‍ സംരക്ഷണവും കടല്‍ തീരത്തെ പരമ്പരാഗത സമൂഹത്തിന്‍റെയും അവകാശങ്ങളും സംരക്ഷിക്കുക.
മേല്പറഞ്ഞ അവകാശപത്രികയോടെ രാജ്യത്തെ നിലവിലെ രാഷ്ട്രീയാന്തരീക്ഷം പരിഗണിക്കുമ്പോഴും പ്രശ്നങ്ങളോട് മത്സരാർഥികൾ സ്വീകരിക്കുന്ന നിലപാട് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള അളവുകോലായി മാറും. പൗരധര്‍മത്തിലധിഷ്ഠിതമായി ഉത്തരവാദിത്ത ബോധത്തോടെ ഇന്ത്യയുടെ ഭരണഘടന ഉറപ്പുതരുന്ന സമ്മതിദാനാവകാശം ഓരോ പൗരന്‍റെയും ചുമതലയാണെന്ന ബോധ്യത്തോടെ നിര്‍വഹിക്കാന്‍ കഴിയട്ടെ.! ‘നിയമനിര്‍മാണം, നീതിനിര്‍വഹണം പങ്കാളിത്ത ഭരണം’ എന്നിവ ജനാധിപത്യ ഭരണത്തിന്‍റെ ഉരകല്ലാണ്.
രാഷ്ട്രീയ കാര്യസമിതി