തിരുവിതാംകൂറിൻ്റെ ഝാൻസി റാണി എന്നറിയപ്പെടുന്ന, ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളിയായ ദേശീയ നേതാവ് ശ്രീമതി ആനി മസ്ക്രീൻ്റെ ജന്മദിനത്തിൽ, നഗരസഭാ പ്രതിനിധിയായി പുഷ്പാർച്ചന നടത്താനെത്തിയത് ഹെൽത്ത് ഇൻസ്പെക്ടറും ഏതാനും തൊഴിലാളികളും.
ഇന്ന് രാവിലെ ആനി മസ്ക്രീൻ പ്രതിമയിൽ തിരുവനന്തപുരം മേയർ ഹാരാർപ്പണം നടത്തുന്നു എന്ന വാർത്തയറിഞ്ഞതിന് ശേഷം
രാവിലെ അവിടെ എത്തിയ കേരളത്തിലെ എല്ലാ ലത്തീൻ രൂപതകളിൽ നിന്നുള്ള വനിതാ നേതാക്കളും മെത്രാപ്പോലീത്തയും കെ.അർ.എൽ.സി.സി. ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള വൈദീക ശ്രേഷ്ഠരും അൽമായ നേതാക്കളും കണ്ടത് തിരുവനന്തപുരം നഗരസഭയിലെ ഏതാനും ശുചീകരണ തൊഴിലാളികളോടൊപ്പം ജഗതി സർക്കിൾ കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നതാണ്. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ ലഭിച്ച മറുപടി മേയർക്ക് വരാൻ അസൗകര്യമാണെന്നും നഗരസഭാ സെക്രട്ടറി ചുമതലപ്പെടുത്തിയതനുസരിച്ചാണ് ഈ കൃത്യം നിർവ്വഹിച്ചതെന്നുമാണ്.
തിരുവനന്തപുരം നഗരസഭയുടെയും ബന്ധപ്പെട്ട അധികാരികളുടെയും ഭാഗത്തു നിന്നുള്ള നിരുത്തരവാദിത്വപരമായ ഈ നടപടി ആനി മസ്ക്രീനയും ആനീ മസ്ക്രീൻ പ്രതിനിധാനം ചെയ്ത ലത്തീൻ സമുദായത്തെയും അപമാനിക്കുന്ന തരത്തിലാണെന്നും ഇതിനെതിരെ ലത്തീൻ സമുദായം ശക്തമായി പ്രതിഷേധിക്കുന്നുവെന്നും
തിരുവനന്തപുരം മേയർക്ക് ആനിമസ്ക്രീൻ ആരാണെന്ന് അറിയില്ലെങ്കിൽ ഏറ്റവും കുറഞ്ഞത് മുതിർന്ന നേതാക്കളോട് ചോദിച്ചു മനസ്സിലാക്കുകയെങ്കിലുംചെയ്യേണ്ടതായിരുന്നുവെന്നും കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഈ അനാദരവിന് ഉത്തരവാദികളായവർക്കെതിരെ കർശനമായ ശിക്ഷണ നടപടികൾ കൈക്കൊള്ളണമെന്ന് കേരള ലാറ്റിൻ കാത്തലിക് വുമൻസ് അസോസിയേഷൻ (KLCWA) സംസ്ഥാന പ്രസിഡൻ്റ് ജെയ്ൻ ആൻസിൽ ഫ്രാൻസിസും,കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ(KLCA) തിരുവനന്തപുരം ലത്തീൻ അതിരൂപത പ്രസിഡൻറ് പാട്രിക് മൈക്കിളും തിരുവനന്തപുരം ലത്തീൻ അതിരൂപത അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ. മൈക്കിൾ തോമസും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.