കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ 32 രൂപയുടെയും സഹകരണത്തോടെ കേന്ദ്ര-കേരള സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ഉപവാസ സമരവും പ്രതിഷേധ ധർണയും ഇന്ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ നടന്നു. അനിയന്ത്രിതമായ വിലക്കയറ്റം, സർക്കാരിന്റെ തെറ്റായ മദ്യനയം, തീരദേശമേഖലയിലെ ജനങ്ങളോട് കാണിക്കുന്ന അവഗണന, മലബാർ മേഖലയിലെ ജനങ്ങൾ നേരിടുന്ന വെല്ലുവിളികൾ, പൊതുജനത്തിന് ആശങ്ക പരിഹരിക്കാതെ കെ റെയിൽ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള സർക്കാരിന്റെ നീക്കം, രാജ്യത്ത് വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, മതേതരത്വത്തെ തകർത്ത് വർഗീയത വളർത്താനുള്ള നീക്കത്തിൽ സർക്കാർ പുലർത്തുന്ന മൗനം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ടാണ് കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടിയുടെ നേതൃത്വത്തിൽ ഉപവാസ സമരവും പ്രതിഷേധ ധർണയും നടന്നത്.
രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റ് പടിക്കൽ ആരംഭിച്ച ഉപവാസസമരത്തിൽ രാഷ്ട്രീയ സാമൂഹിക മേഖലയിൽനിന്നുള്ള പ്രമുഖർ പങ്കെടുത്തു. ഉച്ചകഴിഞ്ഞ് 3 മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് 32 രൂപതയിലെ യുവജനങ്ങൾ പങ്കെടുക്കുന്ന ബഹുജന പ്രതിഷേധറാലി സെക്രട്ടറിയേറ്റ് പടിക്കൽ സമാപിക്കും. മുൻ പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല, എൻ കെ പ്രേമചന്ദ്രൻ, എംപി, എം വിൻസെന്റ് എം.എൽ. എ, മുൻ എം എൽ എമാരായ പി സി ജോർജ്, വി. ടി.ബൽറാം,തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ ചാലക്കര, ഡെലിൻ ഡേവി ഡയറക്ടർ സിസ്റ്റർ റോസ് മെറിൻ, ജിബിൻ ഗബ്രിയേൽ, സെലിൻ ചന്ദ്രബാബു, ഷിജോ നിലയ്ക്ക്പിള്ളി, ലിനു വി ഡേവിഡ്, തുഷാര തോമസ്, സ്മിത ആന്റണി, ബിച്ചു കുര്യൻ തോമസ്, ഷൈജു റോബിൻ, സനു സാജൻ, അനീഷ് യേശുദാസ്, തിരുവനന്തപുരം ലത്തീൻ അതിരൂപത ഡയറക്ടർ ഫാ. സന്തോഷ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.