എല്ലാത്തരം മനുഷ്യർക്കും ഈ ഭൂമിയിലിടമുണ്ടെന്ന ഒറ്റക്കാര്യമൊഴികെ മറ്റോന്നും നൽകാതെയാണ് സിനിമ അവസാനിക്കുന്നത് എന്ന് പറയാനാകില്ല. സലീം കുമാറും, ധർമ്മജനും, സൗബിനും, ഹരീഷും ഉൾപ്പെടുന്ന ന്യൂജെൻ ഹാസ്യതാരങ്ങളുടെ തകർപ്പൻ തമാശകളുടെയിടയിൽ ബോധപൂർവ്വം തിരുകിക്കയറ്റിയിരിക്കുന്ന, നിരുപദ്രവകരമായി തോന്നിക്കുന്ന ചില പതിവ് ക്രിസ്ത്യൻ വാർപ്പുമാതൃകകൾ സിനിമ കാണികളിലെത്തിക്കുന്നുണ്ട്.
മോഹിപ്പിക്കുന്ന നന്മകളുള്ള നായകനും, നായകന് പുറകേ നടക്കുന്ന മോഹനവല്ലികളും, നായകന്റെ ചാവേറായ സില്ബന്ധികളുമൊക്കെ ഈ സിനിമയെ ശരാശരിയാക്കിത്തന്നെ നിലനിർത്തുന്നു. ഒടുവിൽ സ്പാർക്കുണ്ടാക്കുന്ന നായികയെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലും അവർക്കുവേണ്ടിയുള്ള പോരാട്ടത്തിലുമാണ് നായകൻ.
പക്ഷേ ഇതിനിടയിൽ ക്രൈസ്തവ സംസ്കാരത്തിന്റെ ചില അടയാളങ്ങൾ പശ്ചാത്തലമെന്നമട്ടിൽ, നിരുപദ്രവകരമായി സിനിമ കാഴ്ചക്കാരിൽ സൂക്ഷ്മമായെത്തിക്കുന്നത് ശ്രദ്ധിക്കാതെ പോകരുത്. ക്രിസ്ത്യൻ പശ്ചാത്തലത്തിലെ കഥയായത്കൊണ്ട് നിർബന്ധമെന്ന മട്ടിലുള്ള വൈദിക കഥാപാത്രം സ്ഥിരം വാർപ്പ്മാതൃകയിലുണ്ട്. പതിവ് ഞായർ ധാർമ്മിക ഉത്ബോധനവും, മദ്യത്തിനെതിരെയുള്ള പ്രവർത്തനങ്ങളും അച്ചൻകഥാപാത്രം ചെയ്യുന്നു എന്നതിൽ കവിഞ്ഞ് കഥാഖ്യാനത്തിൽ ഈ കഥാപാത്രത്തിന്റെ സ്ഥാനം തീർത്തും അപ്രസക്തം. പിന്നെയെന്തിന് ഇത്തരം കഥാപാത്രത്തെ സൃഷ്ടിക്കുന്നു? തമാശക്ക് വേണ്ടി മാത്രമോ? ഇതിനെന്തെങ്കിലും ലക്ഷ്യമുണ്ടോ?
പിന്നെ കുമ്പസാരത്തെ ഉപയോഗിച്ചുള്ള സ്ഥിരം ക്ളീഷേ തമാശകളും, അത്യാഡംബരത്തോടെയുള്ള തിരുനാൾ സ്വരൂപ പ്രദക്ഷിണവും, പുണ്യാളന്റെ പാട്ടും കൂടെയാകുമ്പോൾ സിനിമയിലെ പതിവ് കത്തോലിക്കാ സാംസ്കാരിക പശ്ചാത്തലത്തിന്റെ പട്ടിക പൂർത്തിയാകുന്നു.
ഈ സിനിമയുടെ കഥയെഴുതിയവർക്ക് കുറച്ചുകൂടി ക്രിയേറ്റിവിറ്റി ഉണ്ടാകാനാണ് ഞാൻ പ്രാർത്ഥിക്കുക. ക്രിസ്ത്യൻ സാംസ്കാരിക പശ്ചാത്തലത്തോട് നീതി പുലർത്തിക്കൊണ്ട് സിനിമ മുന്നോട്ട് വയ്ക്കുന്ന പുതുമയുള്ള ഏക സാംസ്കാരീകരൂപം ആംബുലൻസ് കടന്ന് പോകുമ്പോഴുള്ള കുരിശുവരയ്ക്കൽ മാത്രമാണ്. അത്യാസന്നനലയിലെ വ്യക്തിക്കുവേണ്ടിയുള്ള ഒരു നിമിഷത്തെ പ്രാർത്ഥന കുറിയ്ക്കുന്ന സന്ദേശമാണ് ഈ രണ്ടു മണിക്കൂറിലെ ഏകനന്മ.