തിരുവനന്തപുരം: കണ്ണുകള്‍ക്ക് ഇരുട്ടാണെങ്കിലും ഹൃദയം ഹൃദയത്തിൽ സൂക്ഷിക്കുന്ന വിശ്വാസ വെളിച്ചം തങ്ങളെ നയിക്കുമെന്ന പൂർണബോധ്യം, പ്രതിസന്ധികളെ അതിജീവിച്ച് അനീഷും മേരി അല്‍ഫോണ്‍സയും ജീവിതത്തില്‍ ഒത്തുചേരുന്നു. അന്ധത നല്‍കിയ നിഴല്‍പ്പാടുകളെ മറികടന്ന് പരസ്പരം താങ്ങാവാനും സ്വപ്നങ്ങള്‍ പങ്കുവെക്കാനും തീരുമാനിച്ച ഇരുവരുടെയും വിവാഹം ശനിയാഴ്ച പൂന്തുറ സെയ്ന്റ് തോമസ് പള്ളിയില്‍ നടന്നു. തിരുവനന്തപുരം അതിരൂപത കുടുംബപ്രേഷിത ശുശ്രൂഷ സംഘടിപ്പിക്കുന്ന ബർത്തമ്യൂസ് സംഗമത്തോടനുബന്ധിച്ച് നടന്ന ദിവ്യബലിയിലാണ് കാഴ്ചപരിമിതരായ ഇവരുടെ വിവാഹാശീർവാദവും നടന്നത്.
പെരിങ്ങമ്മല സ്വദേശിയായ അനീഷും ആലപ്പുഴ സ്വദേശിനിയായ അല്‍ഫോണ്‍സയും തമ്മിലുള്ള ബന്ധത്തിന് തുടക്കമാകുന്നത് 2019 ലാണ്. അമ്പലംമുക്കിലെ ജ്യോതിര്‍ഗമയ ഫൗണ്ടേഷനില്‍ കംപ്യൂട്ടര്‍ പഠനത്തിനെത്തിയപ്പോള്‍ ആരംഭിച്ച സൗഹൃദം, പിന്നീട് എറണാകുളത്തെ തൊഴില്‍കാലത്താണ് പ്രണയത്തിലേക്ക് വഴിമാറിയത്. പരസ്പരമുള്ള മനസിലാക്കലും ഒരേപോലെയുള്ള ജീവിതക്കാഴ്ചപ്പാടുകളുമാണ് ഒന്നിച്ച് മുന്നോട്ടുപോകാനുള്ള പ്രചോദനമായത്. തുടക്കത്തില്‍ ഇരുവര്‍ക്കും കാഴ്ചപരിമിതിയുള്ളതിനാല്‍ ഭാവിജീവിതത്തെക്കുറിച്ച് മേരിയുടെ കുടുംബത്തില്‍ ചെറുതല്ലാത്ത ആശങ്കകളുണ്ടായിരുന്നു. എന്നാല്‍ കാഴ്ചയുള്ള ഒരാളെക്കാളേറെ, ഒരേ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന തങ്ങള്‍ക്ക് പരസ്പരം കൂടുതല്‍ വ്യക്തമായി അറിയാനും താങ്ങാകാനും സാധിക്കുമെന്ന തിരിച്ചറിവ് അനീഷും മേരിയും വീട്ടുകാരെ ബോധ്യപ്പെടുത്തിയതോടെ ആശങ്കകള്‍ പിന്തുണയായി മാറി. നിലവില്‍ മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഇരുവരും പരസ്പരമുള്ള പിന്തുണയിലൂടെ സ്വന്തമായി ഒരു ഭാവിയും മികച്ച കരിയറും പടുത്തുയര്‍ത്താമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ്.
കുടുംബപ്രേഷിത ശുശ്രൂഷ ഡയറക്ടർ ഫാ. റിച്ചാർഡ് സക്കറിയ, കാക്കാമൂല ഇടവക വികാരി ഫാ. ഫ്രാൻസിസ് സേവ്യർ, കുടുംബ പ്രേഷിത ശുശ്രൂഷ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ഇരുവരുടെയും വിവാഹത്തോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങൾ നടത്തി. സംഗമത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ കേരള സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി സി. പി ജോൺ, അതിരൂപത സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് എന്നിവരുടെ സാനിധ്യത്തിൽ നവദമ്പതികളെ ആദരിച്ചു.

