വത്തിക്കാൻ: ഒക്ടോബർ മാസത്തിന്റെ പാപ്പയുടെ പ്രാർത്ഥനാ നിയോഗം സിനഡിന് വേണ്ടിയാണെന്ന് പാപ്പയുടെ സാര്‍വ്വലൗകിക പ്രാർത്ഥന ശൃംഖല (Pope’s Worldwide Prayer Network) തയ്യാറാക്കിയ വീഡിയോയിൽ പറയുന്നു. നമ്മൾ യാത്രയിലാണ്. എമ്മാവൂസിലെ ശിഷ്യരെപ്പോലെ, നമ്മുടെ മദ്ധ്യേ എപ്പോഴും വരുന്ന കർത്താവിനെ ശ്രവിച്ചുകൊണ്ട് നടക്കുന്ന ഒരു യാത്ര. എല്ലാവരേയും തേടുകയും, എല്ലാവരേയും സ്വാഗതം ചെയ്യുകയും, ആരെയും ഒഴിവാക്കാതെ എല്ലാവരേയും ഉൾക്കൊള്ളിക്കുകയുമാണു പ്രേഷിത ദൗത്യത്തിന്റെ ഹൃദയം എന്ന് പാപ്പാ തന്റെ സന്ദേശത്തിൽ ഊന്നി പറഞ്ഞു.
ഇതിനിടെ, ഒക്ടോബർ 4 മുതൽ 29 വരെ വത്തിക്കാനിൽവച്ച്, മെത്രാൻസിനഡിന്റെ പതിനാറാമത് സാധാരണ പൊതുസമ്മേളനം നടക്കുമ്പോൾ നാളിതുവരെയുള്ള ചരിത്രത്തിൽ ആദ്യമായി മെത്രാൻ സിനഡിന്റെ ആദ്യ സെഷനിൽ അഞ്ചു സന്യസ്‌തകൾ മെമ്പർമാരായി പങ്കെടുക്കും. സന്യസ്‌തകളുടെ ജനറൽ സുപ്പീരിയർമാരുടെ അന്താരാഷ്ട്രയൂണിയൻ പ്രെസിഡന്റ് സി. മേരി ബറോൺ, OLA, എക്സിക്യൂട്ടീവ് സെക്രട്ടറി സി. പാത്രീസ്യ മുറേ IBVM, സി. എലിസബത്ത് മേരി ഡേവിസ് RSM, സി.എലീസേ ഇസേരിമാന, Op. S.D.N., സി. മരിയ നിർമാലിനി, A.C., എന്നിവരായിരിക്കും സിനഡിന്റെ ആദ്യ സെഷനിൽ സംബന്ധിക്കുക.
“ഒരു സിനഡൽ സഭയ്ക്ക്: കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം”, എന്ന പേരിൽ വിളിച്ചുചേർക്കപ്പെടുന്ന ഈ മെത്രാൻ സിനഡിൽ തങ്ങൾക്കും സജീവമായി പങ്കെടുക്കാൻ അവസരം നൽകിയതിന് ഫ്രാൻസിസ് പാപ്പായോട് തങ്ങൾ പ്രത്യേകമായി നന്ദിയുള്ളവരാണെന്ന് സി. ബറോൺ പത്രക്കുറിപ്പിൽ വ്യക്തമാക്കി.