നവോത്ഥാന മതനവീകരണ കാലഘട്ടം
മധ്യകാല യൂറോപ്യന്‍ സാംസ്കാരികധാരയില്‍ നിന്ന് നവീനമായ ആശയങ്ങള്‍ രൂപമെടുക്കുകയും അവ മനുഷ്യന്‍റെ ചിന്താമണ്ഡലങ്ങളെ സ്വാധീനിച്ച്, കല, സാഹിത്യം, സംസ്കാരം, അധ്യാത്മികത എന്നീ മേഖലകളില്‍ പുതിയ മാറ്റങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്ത കാലഘട്ടമായിരുന്നു ഇത്. പേപ്പസിയുടെ തകര്‍ച്ചയെ തുടര്‍ന്ന് ലഭിച്ച സ്വാതന്ത്ര്യബോധം ഈ മാറ്റങ്ങള്‍ക്ക് കരുത്തേകി. ആവിഞ്ഞോണിലും റോമിലും വിരുദ്ധ ചേരികളില്‍പ്പെട്ട കര്‍ദ്ദിനാള്‍മാര്‍ രണ്ടു പാപ്പാമാരെ തെരഞ്ഞെടുക്കുകയുണ്ടായി. ഇതിനെച്ചൊല്ലിയുണ്ടായ തര്‍ക്കവിതര്‍ക്കങ്ങള്‍ ദീര്‍ഘനാള്‍ നീണ്ടുനിന്നു. 1417 ല്‍ കൂടിയ കൗണ്‍സില്‍ ഓഫ് കോണ്‍സ്റ്റന്‍സില്‍ വച്ച് തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് ശമനം വരുകയും ഒരാളെ തെരഞ്ഞെടുത്തുകൊണ്ട് പാപ്പാധികാരത്തര്‍ക്കം അവസാനിപ്പിക്കുകയും ചെയ്തു.
പോപ്പ് നിക്കോളാസ് 5-ാമന്‍റെ കാലത്താണ് ഹ്യൂമനിസവും നവോത്ഥാനചിന്തകളും ഉടലെടുക്കുന്നത്. പൗരാണികകൃതികളുടെ പഠനത്തിന് അദ്ദേഹം പ്രോത്സാഹനം നല്‍കി. സെന്‍റ് പീറ്റേഴ്സ് ബസലിക്കയുടെയും വത്തിക്കാന്‍ ലൈബ്രറിയുടെയും നവീകരണം ഇക്കാലയളവില്‍ നടന്നു. പോപ്പ് സിക്സ്റ്റസ്-IV, പോപ്പ് അലക്സാണ്ടര്‍-ഢക, പോപ്പ് ജൂലിയസ്-കക തുടങ്ങിയവര്‍ കലകളുടെ പ്രോത്സാഹനത്തിനും വളര്‍ച്ചക്കുമായി നിലകൊണ്ടു. ഈ കാലയളവില്‍ റോമിനെ കലകളുടെ സ്വര്‍ഗലോകമാക്കി മാറ്റാന്‍ പിന്തുണ നല്‍കിയ പാപ്പമാരിലൂടെ പ്രശസ്തിയാര്‍ജ്ജിച്ച റാഫേല്‍, മൈക്കലാഞ്ചലോ ലിയോണാര്‍ഡേ ഡാവിഞ്ചി തുടങ്ങിയ കലാകാരന്മാരുടെ ശില്പചിത്രകലാരൂപങ്ങള്‍ ലോകപ്രശസ്തി നേടി.
നവോത്ഥാനകാലഘട്ടത്തില്‍ സഭയെ നയിച്ച പാപ്പമാര്‍ കലകളെയും കലാകാരന്മാരെയും പിന്തുണച്ചും പ്രോത്സാഹിപ്പിച്ചും മുന്നോട്ടുപോയപ്പോള്‍ ആദ്ധ്യാത്മികതയില്‍ സഭവളരെയേറെ പിന്നോട്ട് പോയി. ഈ കലയളവില്‍ വളര്‍ന്നുവന്ന മതനവീകരണപ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്കിയ മാര്‍ട്ടിന്‍ ലൂഥര്‍, കാല്‍വിന്‍, ഉള്‍റിച്ച് സിംഗ്ലി, ഹെന്‍ട്രി 8-ാമന്‍ തുടങ്ങിയവര്‍ സഭാനേതൃത്വത്തെ ചോദ്യം ചെയ്യുകയും കലാപസമാനമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. അക്ഷരാര്‍ത്ഥത്തില്‍ യൂറോപ്പില്‍ സഭ നെടുകെ പിളര്‍ന്നു എന്നുതന്നെ പറയാം. ഈ പിളര്‍പ്പിനെ സഭ നേരിട്ടത് പ്രധാനമായും കൗണ്‍സില്‍ ഓഫ് ട്രെന്‍റ് (1545-1563) വിളിച്ചുകൂട്ടിക്കൊണ്ട് എടുത്ത തീരമാനങ്ങളിലൂടെയാണ്. പ്രതിമത നവീകരണം (counter reformation) എന്നറിയപ്പെടുന്ന പ്രതിരോധ നടപടികളിലൂടെ യൂറോപ്പില്‍ സഭയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാനായി. (തുടരും…)
ശ്രീ. ഇഗ്നേഷ്യസ് തോമസ്