വിശ്രമമില്ലാത്ത മിഷനറി പ്രവർത്തനങ്ങൾക്കൊടുവിൽ സിസ്റ്റർ മേരിക്കുട്ടി വിശ്രമനാട്ടിലേക്ക് മടങ്ങി. ഫ്രാൻസിസ്ക്കൻ മിഷ്നറീസ് ഓഫ് മേരി സന്യാസ സമൂഹാഗമാണ് സിസ്റ്റർ. മതബോധനത്തിൽ ഫിലിപ്പെയിൻസിൽ നിന്ന് ഉന്നത ബിരുദം കരസ്തമാക്കിയ സിസ്റ്റർ തിരുവനന്തപുരം അതിരൂപതയെ കർമ്മമണ്ഡലമാക്കി കാൽ നൂറ്റാണ്ട് കാലം പ്രവർത്തിച്ചു.
കുറയേറെക്കാലം കൊച്ചി രൂപതയുടെ മതബോധന റിസോർസ് പേഴ്സനായി പ്രവർത്തിച്ചു. വരാപ്പുഴ അതിരൂപതയിൽ മതബോധന രംഗത്തും കുടുംബ കൂട്ടായ്മ കെട്ടിപ്പടുക്കുന്നതിലും ഉജ്ജ്വല സാന്നിധ്യമായിരുന്നു.
1990-കളിൽ പാളയം കോൺവെന്റിൽ എത്തുകയും അതിരൂപതയിൽ ബി.സി.സി രൂപീകരണത്തിൽ പ്രവർത്തിക്കുകയെന്ന ഉത്തരവാദിത്വത്തിൽ കർമ്മനിരതയായി സേവനമനുഷ്ഠിക്കുകയും ചെയ്തു.രൂപതയിലെ അങ്ങോളമിങ്ങോളമുള്ള വിവിധ ഇടവകകളിൽ ബി.സി.സി പടുത്തുയർത്തുന്നതിനായി അക്ഷീണം പ്രവർത്തിച്ചു. കുടുംബ സന്ദർശനമായിരുന്നു സിസ്റ്ററിന്റെ പ്രധാന പ്രേക്ഷിത പ്രവർത്തനം.
ബാലരാമപുരം, ലൂർദ്പുരം എന്നീ ഇടവകകളിൽ സേവനമനുഷ്ഠിച്ച ശേഷം നെയ്യാറ്റിൻകര രൂപതയിൽ കുടുംബപ്രേഷിത മേഖലയിൽ പ്രവർത്തിച്ചു. തുടർന്ന് തിരുവനന്തപുരം അതിരൂപതയിൽ തിരികെയെത്തി സെന്റ് ജോസഫ് സ്കൂളിൽ ആഴ്ചയിൽ മൂന്ന് ദിവസം കുട്ടികൾക്കായി കൗൺസിലിംഗ് നൽകി വന്നു. ജനകീയായ സന്യാസിനി എന്ന വിശേഷണം സിസ്റ്റർ സമൂഹത്തിൽ നേടിയെടുത്തു. അടിസ്ഥാനപരമായി മാറ്റം വരുത്തേണ്ട മേഖലകളിൽ സേവന സന്നദ്ധതയോടെ പ്രവർത്തിക്കാൻ തല്പരയായിരുന്നു സിസ്റ്റർ.
വയനാട്ടിൽ ആദിവാസി മേഖലയിൽ പ്രവർത്തിച്ചു വരുന്ന വേളയിലാണ് രക്താർബുദം ആണെന്ന വിവരം തിരിച്ചറിയുന്നത്.
രോഗ ചികിത്സയ്ക്കായി എറണാകുളം കലൂർ സെന്റ് ഫ്രാൻസിസ് സേവ്യർ കോൺവെന്റിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. ഇന്ന് രാവിലെ ദൈവവിളിക്കായി സമർപ്പിതമായ ആ ജീവിതം ദൈവസന്നിധിയിലേക്ക് യാത്രയായി. അടിസ്ഥാന ക്രൈസ്തവ സമൂഹം കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്കുവഹിച്ച സിസ്റ്ററിന്റെ വേർപാട് തിരുവനന്തപുരം അതിരൂപതയെ സംബന്ധിച്ച് വലിയ നഷ്ടം തന്നെയാണ്.