വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണം തീരത്തുയർത്തുന്ന വെല്ലുവിളികളെ വിലയിരുത്തി കൊണ്ടുള്ള ഏകദിനശില്പശാല നാളെ വെള്ളയമ്പലത്ത് നടക്കും. അതിരൂപതയിലെ ജനങ്ങളൊന്നടങ്കം അതിജീവന പോരാട്ടത്തിലാണെങ്കിൽ പോലും വിഴിഞ്ഞം തുറമുഖ പദ്ധതിയുയർത്തുന്ന വെല്ലുവിളികളെപ്പറ്റി പൊതുസമൂഹം ഇന്നും പൂർണ്ണ ബോധ്യമാർജിച്ചിട്ടില്ല. മാധ്യമങ്ങളും പൊതുസമൂഹവും ഇതുയർത്തുന്ന ആഘാതങ്ങളെക്കുറിച്ച് അവബോമുള്ളവരല്ലെന്ന അറിവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകർ വ്യക്തമാക്കി.
തീരത്തുണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികളും ഇതിന് വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി എങ്ങനെയാണ് ബന്ധമുണ്ടാകുന്നതെന്നുമുള്ള വിലയിരുത്തലും ചർച്ചകളുമാണ് ശിൽപ്പാശാലയിലൂടെ ലക്ഷ്യമാക്കുന്നത്. വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ വച്ച് നടക്കുന്ന ശിൽപ്പാശാല അതിരൂപതാദ്ധ്യക്ഷൻ ഡോ. തോമസ് ജെ നേറ്റോ ഉദ്ഘാടനം ചെയ്യും. ഇനി അതിരൂപതയിലെ ജനങ്ങൾ ഈ പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യുമെന്നും തീര ജനതയുടെ മുന്നോട്ടുള്ള യാത്ര എപ്രകാരമാണെന്നതിനെ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലിന് അതിരൂപത സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് ആർ നേതൃത്വം നൽകും. തീരത്തെ വെല്ലുവിളികളെ കണ്ടെത്താനുതകുന്ന ഈ ശിൽപ്പശാലക്ക് അതിരൂപത വികാരിജനറലും സമരപരിപാടികളുടെ ജെനെറൽ കൺവീനറുമായ മോൺ. യൂജിൻ എച്ച് പെരേര അദ്ധ്യക്ഷത വഹിക്കും.
വിഴിഞ്ഞം തുറമുഖ നിർമ്മാണം തീരത്തുണ്ടാക്കുന്ന പാരിസ്ഥിതിക, സാമ്പത്തിക, സാമൂഹ്യ ഉപജീവന ആഘാതങ്ങളെപറ്റിയുള്ള വിലയിരുത്തലുകൾ ഡോ. കെ. വി. തോമസ്, ശ്രീ. ജോസഫ് സി. മാത്യു, ശ്രീ. എ.വിജയൻ എന്നിവർ അവതരിപ്പിക്കും.