കടലും കടൽതീരവും കടലിന്റെ ആവാസ വ്യവസ്ഥകളും സംരക്ഷിക്കാനുള്ള സമാധാനപരമായ പ്രക്ഷോഭങ്ങളെ ശക്തമായി പിന്തുണയ്ക്കുമെന്ന് കെ.ആർ.എൽ.സി.ബി.സി.എറണാകുളം സെന്റ് തോമസ് മൗണ്ടിൽ ജൂലൈ 2-ന് ചേർന്ന കേരള ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി യോഗത്തിൽ തിരുവനന്തപുരത്തെ തീരജനത നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കണ്ടെത്തണമെന്ന് കെആർഎൽസിബിസി പ്രസിഡന്റ് ബിഷപ്പ് ഡോ.ജോസഫ് കരയിൽ ആവശ്യപ്പെട്ടു. തിരുവനന്തപുരം ജില്ലയിലും കേരളത്തിന്റെ മറ്റു പ്രദേശങ്ങളിലും പ്രകൃതിക്ഷോഭത്തിലും കടലാക്രമണത്തിലും ഭൂമിയും ഭവനവും നഷ്ടപ്പെട്ട് നിരവധി കുടുംബങ്ങൾ താൽക്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളിൽ വർഷങ്ങളായി കഴിയുകയാണ്. ഓഖി ദുരന്തത്തെ തുടർന്ന് ഈ കേന്ദ്രങ്ങളിലേക്ക് മാറ്റപ്പെട്ട കുടുംബങ്ങൾ മനുഷ്യോചിതമല്ലാത്ത സാഹചര്യങ്ങളിൽ ഇപ്പോഴും തുടരുന്നു. ഈ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങളെ അടിയന്തരമായി വാടക നൽകി മാറ്റി പാർപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തിരുവനന്തപുരം ജില്ലയുടെ തീരത്ത് ഉണ്ടാക്കിയിട്ടുള്ള പ്രത്യാഘാതങ്ങൾ അപരിഹാര്യമാണ്. കേരളത്തിന്റെ തീരത്ത് നിർമ്മിച്ചിട്ടുള്ള ദൃഢഘടനകൾ ഗുരുതരമായ പാരിസ്ഥിതിക അപകടം ഉളവാക്കുന്നുണ്ട്. വിഴിഞ്ഞത്ത് 3.2 കിലോമീറ്റർ നീളത്തിൽ പുലിമൂട്ട് നിർമ്മിക്കുമ്പോൾ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങൾ ഭയാനകവും പ്രവചനാതീതമായിരിക്കും. ഈ സാഹചര്യത്തിൽ തുറമുഖ നിർമ്മാണം നിർത്തിവച്ച് നിർമ്മാണം മൂലമുണ്ടാകുന്ന തീരശോഷണത്തിന് ശാശ്വത പരിഹാരം കാണണമെന്നും ലത്തിൻ മെത്രാൻ സമിതി ആവശ്യപ്പെട്ടു. തുറമുഖ നിർമ്മാണം ഉളവാക്കുന്ന സാമൂഹിക പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ പറ്റി ശാസ്ത്രീയവും സത്യസന്ധവുമായ പഠനം നടത്തി പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുന്നതുവരെ തുറമുഖ നിർമ്മാണം നിറുത്തി വയ്ക്കണം. ഇത്തരം പഠനങ്ങളിൽ പ്രദേശവാസികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി സുതാര്യത ഉറപ്പാക്കണമെന്നും മെത്രാൻ സമിതി ആവശ്യപ്പെട്ടു.
കടലും മത്സ്യ ആവാസ വ്യവസ്ഥകളും മത്സ്യബന്ധനവും സംരക്ഷിക്കേണ്ടത് മത്സ്യതൊഴിലാളികളുടെ മാത്രം വിഷയമല്ലെന്നും കേരളത്തിന്റെ തന്നെ പൊതു വിഷയവും വെല്ലുവിളിയുമാണെന്നും കെആർഎൽസിബി യോഗം വിലയിരുത്തി.