പേട്ട: പ്രകൃതിയെ സംരക്ഷിക്കാനും സ്നേഹിക്കാനും സഹായിക്കുന്ന പ്രവർത്തനങ്ങളുമായി മിഷൻ ഞായറാചരണം. മിഷൻ ഞായറാചരത്തോടനുബന്ധിച്ച് പേട്ട ഇടവകയിൽ നടത്തിയ വേറിട്ട പ്രവർത്തനങ്ങൾ ശ്രദ്ധ നേടി. വീടുകളിൽ ജൈവ പച്ചക്കറിത്തോട്ടം, ഔഷധ സസ്യത്തോട്ടം എന്നിവ ഒരുക്കാൻ സഹായിക്കുന്ന പവലിയൻ ഒരുക്കിയും, വിവിധ അലങ്കാര, പുഷ്പ, ഔഷധ, പച്ചക്കറി സസ്യങ്ങളുടെ വിത്തുകൾ വില്പന നടത്തിയുമാണ് മിഷൻ ഞായർ ആചാരണം പ്രകൃതി സൗഹൃദമാക്കിയത്.
ശുചിത്വ നഗരം സുന്ദര ഭൂമി കിച്ചൻ ബിൻ, മഴവെള്ള സംഭരണി എന്നിവ വാങ്ങുന്നതിനും സൗകര്യമൊരുക്കിയിരുന്നു. വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടലിൽ രക്ഷതേടിയെത്തിയ മുത്തശ്ശിക്കും കുഞ്ഞുമകൾക്കും രക്ഷ നൽകിയ കൊമ്പനാനയുടെ ദൃശ്യാവിഷ്കാരം പ്രകൃതിയും മനുഷ്യരും കൈകോർക്കേണ്ടതിന്റെയും പ്രകൃതിയെ നാം സംരക്ഷിക്കേണ്ടതിന്റെയും പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു. നിരവധി സന്ദേശങ്ങൾ പകർന്നുനല്കിയ മിഷൻ ഞായർ പരിപാടികൾക്ക് ഇടവക സാമൂഹ്യ ശുശ്രൂഷ സമിതി നേതൃത്വം നൽകി.