ബെയ്റൂട്ട്: ഭൗതിക സുഖങ്ങളും പ്രശസ്തിയും ഉപേക്ഷിച്ച് ദിവസത്തിന്റെ മുക്കാൽ പങ്കും പ്രാർത്ഥനയിലും നിശബ്ദതയിലും ചിലവഴിച്ച് ശ്രദ്ധേയനായ പ്രമുഖ കത്തോലിക്കാ സന്യാസി ഫാ. ഡാരിയോ എസ്കോബാർ (92) അന്തരിച്ചു. കൊളംബിയൻ സ്വദേശിയായ അദേഹം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ലെബനനിലെ കാദിഷ താഴ്‌വര കേന്ദ്രീകരിച്ചാണ് കഠിനമായ സന്യാസ ജീവിതം നയിച്ചിരുന്നത്. മെയ് 18 നായിരുന്നു ഫാ. ഡാരിയോയുടെ അന്ത്യം.
പണം, പ്രശസ്തി, ആധുനിക സൗകര്യങ്ങൾ എന്നിവയെല്ലാം നിരസിച്ച് സ്വമേധയാ ദാരിദ്ര്യത്തിന്റെയും ഏകാന്തതയുടെയും പാത തിരഞ്ഞെടുത്ത ഫാ. ഡാരിയോയുടെ ജീവിതം ആഗോള ക്രൈസ്തവ സമൂഹത്തിന് തന്നെ വലിയൊരു മാതൃകയായിരുന്നു. ഇന്നലെ (മെയ് 20 ബുധനാഴ്ച) ഖോഴായയിലെ വിശുദ്ധ ആന്റണി ആശ്രമത്തിൽ വെച്ച് അദേഹത്തിന്റെ മൃതസംസ്കാര ചടങ്ങുകൾ ഭക്തിപൂർവ്വം നടന്നു.
യുവകാലത്ത് മികച്ചൊരു ഫുട്ബോൾ കളിക്കാരനും ദൈവശാസ്ത്ര-മനഃശാസ്ത്ര പ്രൊഫസറുമായിരുന്ന ഡാരിയോയ്ക്ക് സ്പാനിഷ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയൻ, അറബിക് ഉൾപ്പെടെ അഞ്ചോളം ഭാഷകളിൽ കടുത്ത പ്രാവീണ്യമുണ്ടായിരുന്നു. എന്നാൽ 1990 ൽ തന്റെ ഉന്നതമായ ജോലിയും തനിക്കുള്ള സമ്പാദ്യങ്ങളും പൂർണമായി ഉപേക്ഷിച്ച് അദ്ദേഹം ദൈവവിളിയ്ക്ക് പ്രത്യുത്തരം നൽകുകയായിരുന്നു. മാരോണൈറ്റ് സന്യാസിയായ വിശുദ്ധ ചാർബലിന്റെ മാതൃക പിന്തുടർന്നാണ് ആത്മീയ യാത്ര ആരംഭിച്ചത്.
വാക്കുകളേക്കാൾ ആഴമുള്ള നിശബ്ദതയുടെ ഭാഷയാണ് ഫാ. ഡാരിയോ തന്റെ ജീവിതത്തിനായി തിരഞ്ഞെടുത്തത്. ദിവസവും 14 മണിക്കൂറോളം പ്രാർത്ഥനയ്ക്കായി മാറ്റിവെച്ച വൈദികൻ കേവലം അഞ്ച് മണിക്കൂർ മാത്രമാണ് ഉറങ്ങിയിരുന്നത്. മൂന്ന് മണിക്കൂർ കഠിനമായ അധ്വാനവും രണ്ട് മണിക്കൂർ പഠനവുമായിരുന്നു അദേഹത്തിന്റെ കണിശമായ ദിനചര്യ.
ഭക്ഷണം വളരെ ലഘുവായി മാത്രം പരിമിതപ്പെടുത്തിയ ഫാ. ഡാരിയോ ടെലിവിഷൻ, മൊബൈൽ ഫോൺ, ഇന്റർനെറ്റ് തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകളിൽ നിന്നെല്ലാം പൂർണമായി അകന്നുനിന്നു. ആഭ്യന്തര യുദ്ധങ്ങളും സംഘർഷങ്ങളും കാരണം മുറിവേറ്റ ലെബനീസ് ജനതയ്ക്ക് നിശബ്ദതയിൽ ദൈവത്തെ അന്വേഷിക്കാനും ആശ്വാസം കണ്ടെത്താനുമുള്ള വലിയൊരു ആത്മീയ കേന്ദ്രമായി ഫാ. ഡാരിയോ താമസിച്ചിരുന്ന ആശ്രമം മാറിയിരുന്നു. ലെബനീസ് ജനതയുടെ ഇടയിൽ വലിയ സ്വാധീനമുണ്ടായിരുന്ന സന്യാസിയുടെ വിയോഗത്തിൽ പ്രാർത്ഥനയോടെ വിട നൽകുകയാണ് വിശ്വാസികൾ.
