തീരത്തെ പ്രതിസന്ധികൾക്കിടയിൽ സക്രട്ടറിയേറ്റ് നടയിൽ നിന്നും പ്രതിഷേധം പ്രാദേശികമായി പടരുമ്പോൾ, പത്ത് ദിവസത്തിലധികമായി തുടരുന്ന സമരത്തിന് പുതിയ പോർമുഖം തുറന്നിരിക്കുകയാണ് വലിയതുറ ഫെറോന.
സമരം പ്രക്ഷുബ്ധമാകുമ്പോഴും ശ്രദ്ധകാണിക്കുകയോ, പരിഹാരനടപടി സ്വീകരിക്കുകയോ ചെയ്യാത്ത സർക്കാരിന് മുന്നിൽ താക്കീതുയർത്തി ഇക്കുറി ശംഖുമുഖവും വലിയതുറയുമുൾപ്പെടുന്ന പ്രദേശത്താണ് സമരപ്രകടനം .
പ്രദേശത്ത് പെയ്യുന്ന തോരാത്ത മഴയെപ്പോലും അവഗണിച്ച്, തീരമില്ലാത്ത ശംഖുമുഖത്ത് നിന്നും പ്രതിഷേധ പ്രകടനവുമായി ഫെറോനയിലെ പത്ത് ഇടവകകളിൽ നിന്നും ആയിരത്തിലധികം പേർ നിരത്തിലിറങ്ങി. പ്രതിഷേധ ജാഥ ആൾ സെന്റ്സ് കോളേജിനു മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ സമ്മേളനം തീരജനതയ്ക്ക് നിഷേധിക്കപ്പെടുന്ന ആവശ്യങ്ങൾ നടപ്പിലാക്കും വരെയും അതിരൂപത മക്കൾ ഒന്നായി നിന്ന് സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് പറഞ്ഞ് അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച് പെരേര ഉദ്ഘാടനം ചെയ്തു. വലിയതുറ ഫെറോന വികാരി ഫാ.ഹൈസിന്ദ് എം നായകം സമരസമ്മേളനത്തിന് ആദ്ധ്യക്ഷം വഹിച്ചു.
അതിരൂപത അല്മായ ശുശ്രൂഷ ഡയറക്ടർ ഫാ.മൈക്കിൾ തോമസ്, ഫെറോനാ കൗൺസിൽ സെക്രട്ടറി ഫാ.ജെറാൾഡ്, ഫാ.ആഷ്‌ലിൻ ജോസ് , ഫാ.സാബാസ് ഇഗ്നേഷ്യസ്, ഫാ.ടോണി ഹാംലറ്റ്, ഫാ.സന്തോഷ് കുമാർ, ഫെറോനാ ജോയിന്റ് സെക്രട്ടറി ഷാജി ഡിക്രൂസ്, ഫെറോനാ കൗൺസിൽ വൈസ് പ്രസിഡന്റ് ജേക്കബ് ഫെർണാണ്ടസ്, കെ.എൽ.സി.എ. ഫെറോനാ പ്രസിഡന്റ് സുരേഷ്, ശ്രീമാൻ റ്റിറ്റോ എന്നിവർ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
ജൂലൈ സെക്രട്ടറിയേറ്റ് നടയിൽ നിന്നാരംഭിച്ച സമരം, ജൂലൈ 30ന് ശേഷം കൂടുതൽ ഇടവകകളിലേക്ക് വികസിപ്പിക്കുകയാണെന്ന് സംഘാടകർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.