പള്ളിക്കര: ‘മോനേ അക്കുത്തിസേ… ഞങ്ങളെ നീ ഒന്നു കാത്തോണേ…’, എറണാകുളം കാക്കനാടിനടുത്തുള്ള പള്ളിക്കര സെന്റ് കാർലോ അക്കുത്തിസ് പള്ളിയിലെ വിശുദ്ധനോട് അമ്മമാരുടെ പ്രാർഥനയാണിത്. സാധാരണ പള്ളികളിൽ നാം കാണാറുള്ള പതിവു രീതികളിൽനിന്ന് വ്യത്യസ്തമായി വിശുദ്ധനോട് തികച്ചും വ്യക്തിപരമായ ഒരു അടുപ്പമാണ് ആ വാക്കുകളിൽ. സ്വന്തം മകനെയോ, പേരക്കുട്ടിയേയൊ വിളിക്കുന്ന വാത്സല്യത്തോടെയുള്ള വിളി. സൈബർ വിശുദ്ധന്റെ പേരിലുള്ള ലോകത്തെ പ്രഥമ പള്ളിയിലെ വിശേഷമാണിത്. വിശുദ്ധ കാർലോയെ സ്വന്തം വീട്ടിലെ ഒരംഗമായി കാണാനാണ് പള്ളിക്കരക്കാർക്ക് കൂടുതൽ ഇഷ്ടം.
വിശുദ്ധ കാർലോ അക്കുത്തിസിന്റെ നാമധേയത്തിൽ ലോകത്താദ്യമായി സ്ഥാപിതമായ ദേവാലയം വരാപ്പുഴ അതിരൂപതയിൽ എറണാകുളം കാക്കനാടിനടുത്തുള്ള പള്ളിക്കരയിലേതാണ്. അക്കുത്തിസിന്റെ വിശുദ്ധ പ്രഖ്യാപന ദിനമായിരുന്ന 2025 സെപ്റ്റംബർ 7നു തന്നെ ആർച്ച് ബിഷപ് ജോസഫ് കളത്തിപ്പറമ്പിൽ ഈ ദേവാലയത്തിന്റെ കൂദാശ നിർവഹിച്ചു. ഇന്നു യുവജനങ്ങൾക്കും കുട്ടികൾക്കുമൊപ്പം ഒട്ടേറെ തീർഥാടകരും ഒഴുകിയെത്തുന്ന ആത്മീയ കേന്ദ്രമാണിവിടം.
കേവലം പ്രാർഥനാകേന്ദ്രം എന്നതിലുപരി പുതിയ തലമുറയ്ക്ക് വലിയൊരു പ്രചോദനമായി പള്ളിക്കരപ്പള്ളി മാറുകയാണെന്നാണ് ഇവിടെ വരുന്നവർ പറയുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകൾക്കു പുറമേ തമിഴ്നാട്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും മലേഷ്യ പോലുള്ള രാജ്യങ്ങളിൽനിന്നും തീർഥാടകർ ഇവിടേക്ക് എത്തുന്നു. ‘മോനേ കാർലോസേ’ എന്ന് വിളിച്ച്, തങ്ങളുടെ വിഷമങ്ങളും അപേക്ഷകളും കടലാസുകളിൽ എഴുതിയിടുന്ന സാധാരണക്കാരുടെ കാഴ്ച ഇവിടെ നിത്യസംഭവമാണ്. കോഴ്സുകൾക്ക് അഡ്മിഷൻ കിട്ടാനും പരീക്ഷകളിൽ ജയിക്കാനുമൊക്കെ ദിവസവും 30–50 അപേക്ഷകളും ഒപ്പം കൃതജ്ഞതകളും ഇവിടെ എത്താറുണ്ട്.

