തിരുവനന്തപുരം: കെ.സി.വൈ.എം സംസ്ഥാന ലാറ്റിൻ സമിതിയുടെ നേതൃത്വത്തിൽ ആരംഭം കുറിച്ച വിശുദ്ധരുടെ തിരുശേഷിപ്പും വഹിച്ചു കൊണ്ടുള്ള വിശുദ്ധ യാത്ര ‘അനുഗ്രഹ വഴിയേ’ ഫെബ്രുവരി 21 ന് തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ എത്തിച്ചേർന്നു. പാളയം സെൻ്റ് ജോസഫ് മെട്രോപോളിറ്റൻ കത്തീഡ്രൽ ദൈവാലയത്തിൽ എത്തിച്ചേർന്ന 200ഓളം വിശുദ്ധരുടെ തിരുശേഷിപ്പുകൾ മോൺ. വിൽഫ്രഡ് ഇ-യും തിരുവനന്തപുരം ലത്തീൻ അതിരൂപത കെ.സി.വൈ.എം ഡയറക്ടർ ഫാ. ഡാർവിൻ ഫെർണാണ്ടസ് ആൻ്റണിയും കെ.സി.വൈ.എം. തിരുവനന്തപുരം ലത്തീൻ അതിരൂപത ആനിമേറ്റർ സിസ്റ്റർ ആൻസിയും ഒപ്പം രൂപത സമിതിയും ചേർന്ന് കെ.സി.വൈ.എം സംസ്ഥാന ലാറ്റിൻ സമിതിയിൽ നിന്ന് സ്വീകരിച്ചു. ലാറ്റിൻ സംസ്ഥാന ഡയറക്ടർ ഫാ. അനൂപ് കളത്തിത്തറ OSJ അച്ചൻ്റെ കാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിക്ക് ശേഷം തിരുശേഷിപ്പുകളുടെ പൊതുവണക്കം ആരംഭിച്ചു.

ഈ ദിവസങ്ങളിൽ നിരവധി വിശ്വാസികളാണ് വിശുദ്ധരെയും വിശുദ്ധ കുരിശിൻ്റെ തിരുശേഷിപ്പിനെയും വണങ്ങാനെത്തിയത്. ഫെബ്രുവരി 22ന് അതിരൂപത സഹായമെത്രാൻ ബിഷപ് ക്രിസ്തുദാസിന്റെ കാർമികത്വത്തിൽ നടന്ന ദിവ്യബലിയിൽ കെ.സി.വൈ.എം സംസ്ഥാന ലാറ്റിൻ ഡയറക്ടർ ഫാ.അനൂപ്, കെ.സി.വൈ.എം. അതിരൂപത ഡയറക്ടർ ഫാ.ഡാർവിൻ, പാളയം ഇടവക സഹവികാരിമാരായ ഫാ.റോബിൻ, ഫാ. ദീപു, കെ.സി.വൈ.എം. പാളയം ഫെറോനാ ഡയറക്ടർ ഫാ.സന്തോഷ്, അതിരൂപത അജപാലന ശുശ്രൂഷ ഡയറക്ടർ ഫാ.ബീഡ് മനോജ് എന്നിവർ സഹകാർമികത്വം വഹിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ തിരുശേഷിപ്പുകൾ കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന ആനിമേറ്റർ സിസ്റ്റർ മെല്നയുടെയും സംസ്ഥാന ഡയറക്ടർ ഫാ. അനൂപ് അച്ചൻ്റെയും നേതൃത്വത്തിൽ നെയ്യാറ്റിൻകര രൂപതയിലേക്ക് സമാപന ചടങ്ങുകളിലേക്കായി കൊണ്ടുപോയി.

