പള്ളിത്തുറ: കാർളോ അക്വിറ്റസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പള്ളിത്തുറ ഇടവകയിൽ ജീസസ് യൂത്ത് 1500-ലധികം വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദർശിപ്പിച്ചു. ജനുവരി 24 ശനിയാഴ്ച ആരംഭിച്ച പ്രദർശനം തിങ്കളാഴ്ച രാത്രി 11 മണിക്ക് സമാപിച്ചു. പ്രദർശനം കാണാൻ കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികളെത്തി. പ്രാർത്ഥന നിർഭരമായ അനുഭവം സമ്മാനിക്കാൻ കഴിയുന്ന രീതിയിലാണ് സംഘാടകർ പ്രദർശനം ക്രമീകരിച്ചത്. രോഗികളും ആലംബഹീനരുമായവർക്ക് തിരുശേഷിപ്പുകളുടെ സാന്നിധ്യം ആശ്വാസം പകർന്നതായി സംഘാടകർ അഭിപ്രായപ്പെട്ടു. പള്ളിത്തുറയിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന ജീസസ് യൂത്ത് സംഘടനയിലെ 35-ഓളം യുവജനങ്ങളാണ് സംഘാടകരായി പ്രവർത്തിച്ചത്. എല്ലാ ഞായറാഴ്ചയും രാവിലെ പള്ളിത്തുറ ജീസസ് യൂത്തിന്റെ പ്രാർത്ഥനാ കൂട്ടായ്മ നടത്തിവരുന്നു.

