റോമന്‍ കത്തോലിക്കാസഭയെയും പാപ്പായെയും പൊതുവായി പേപ്പസി എന്നുവിളിക്കാം. പേപ്പസി എന്ന ബലവത്തായ ഈ ഭവനം പണിതുയര്‍ത്തിയിരിക്കുന്നതാകട്ടെ ക്രിസ്തുവിന്‍റെ പ്രഥമശിഷ്യനായ പത്രോസ് എന്ന പാറമേലും! ഈ ഭവനത്തിന്‍റെ മൂലക്കല്ല് ക്രിസ്തുവും ശില്പികള്‍ യേശുശിഷ്യന്മാരുമത്രെ. “നീ പത്രോസാണ് ഈ പാറമേല്‍ എന്‍റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരെ പ്രബലപ്പെടുകയില്ല. സ്വര്‍ഗരാജ്യത്തിന്‍റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും. നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും.” (മത്താ. 16: 18-19) പത്രോസാകുന്ന പാറമേല്‍ പണിതുയര്‍ത്തപ്പെട്ട സഭ പിന്നിട്ട വഴികള്‍ ദുര്‍ഘടം നിറഞ്ഞതായിരുന്നു. കൊടുങ്കാറ്റുകള്‍ ആഞ്ഞടിച്ചിട്ടും ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടും രണ്ടായിരം വര്‍ഷമായി ഈ സൗധം നിലകൊള്ളുന്നു.
റോമിന്‍റെ മെത്രാനായ പാപ്പ വിശ്വവ്യാപകമായ സഭയുടെ ദൃശ്യതലവന്‍മാത്രമല്ല, ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാന്‍ എന്ന നഗരരാഷ്ട്രത്തിന്‍റെ തലവന്‍കൂടിയത്രെ. ഗ്രീക്ക് പദമായ പാപ്പാസ് (പിതാവ് എന്ന അര്‍ത്ഥം) എന്ന വാക്കില്‍ നിന്നാണ് പോപ്പ് എന്ന പദം രൂപംകൊണ്ടത്. മൈക്കല്‍ എയ്ഞ്ചലോ, ബര്‍ണീനി തുടങ്ങിയ കലാകാരന്മാര്‍ ചേര്‍ന്നു നവോത്ഥാന കാലഘട്ടത്തില്‍ നിര്‍മ്മിച്ച, സെന്‍റ് പീറ്റേഴ്സ് ദേവാലയത്തോട് ചേര്‍ന്ന വത്തിക്കാന്‍ കൊട്ടാരത്തിലാണ് പാപ്പയുടെ ആസ്ഥാനം. പത്രോസ് അപ്പോസ്തലന്‍ സുവിശേഷ പ്രഘോഷണം നടത്തിയ ഭൂമിക; പത്രോസ് അപ്പോസ്തലന്‍റെ രക്തസാക്ഷിത്വം സംഭവിച്ച ദേശം; പത്രോസ് പൗലോസ് അപ്പോസ്തലന്മാരെ കബറടക്കം ചെയ്ത പുണ്യഭൂമി; പുരാതന റോമാസാമ്രാജ്യത്തിന്‍റെ തലസ്ഥാനം എന്നീ നിലകളിലെല്ലാം പ്രാധാന്യമുള്ള റോം തന്നെയായി തീര്‍ന്നു. കത്തോലിക്കാസഭയുടെയും പാപ്പയുടെയും ആസ്ഥാനം. ചരിത്രപ്രാധാന്യവും അപ്പോസ്തലിക പാരമ്പര്യവും ഈ നഗരത്തിനുള്ളതുപോലെ പാപ്പാധിപത്യത്തിന്‍റെ “രൂപീകരണത്തിനും വളര്‍ച്ചക്കും സംഭവബഹുലമായൊരു ചരിത്രപശ്ചാത്തലമുണ്ട്.
പേപ്പസിയും ഭരണക്രമങ്ങളും വിവിധകാലഘട്ടങ്ങളിലൂടെയാണ് ഉരുത്തിരിഞ്ഞ് വന്നത്. പാശ്ചാത്യലോകത്തിലും ലോകചരിത്രത്തിലും നിര്‍ണായക സ്വാധീനം ചെലുത്തിയ പേപ്പസിയുടെ ചരിത്രത്തെ അഞ്ചുകാലഘട്ടങ്ങളായി തരംതിരിക്കാവുന്നതാണ്.
- പ്രരംഭ കാലഘട്ടം
- നവോത്ഥാന മതനവീകരണകാലഘട്ടം
- മധ്യകാലഘട്ടം
- പ്രതിമത നവീകരണകാലഘട്ടം
- ആധുനികകാലം
- വര്‍ത്തമാനകാലം
സഭയുടെ പ്രാരംഭകാലം
(എഡി 1 മുതല്‍ എഡി 590 വരെ)
സഭയുടെ ആരംഭകാലങ്ങളില്‍ വിശ്വാസികളുടെ സമൂഹം ഭവനങ്ങളിലായിരുന്നു വചനം പങ്കുവയ്ക്കാനും അപ്പംമുറിക്കാനും ഒത്തുകൂടിയിരുന്നത്. കാലാന്തരത്തില്‍ വിശ്വാസി സമൂഹം വളര്‍ച്ചപ്രാപിച്ചപ്പോള്‍ അവര്‍ സമ്മേളിച്ചിരുന്ന ചില ഭവനങ്ങള്‍ പ്രാര്‍ത്ഥനാലയങ്ങളായി രൂപമാറ്റം വന്നു. റോമില്‍ കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി മൂന്ന് ദേവാലയങ്ങള്‍ പണിയുകയുണ്ടായി. സെന്‍റ് ജോണ്‍ ലാറ്ററന്‍, സെന്‍റ് പീറ്റര്‍, സെന്‍റ്പോള്‍ എന്നിവയായിരുന്നു ആ ദേവാലയങ്ങള്‍.
വിശുദ്ധപത്രോസിന്‍റെ സുവിശേഷ പ്രഘോഷത്താലും അദ്ദേഹത്തിന്‍റെ രക്തസാക്ഷിത്വത്താലും ഭൗതീകശരീരം റോമില്‍ സംസ്കരിക്കപ്പെട്ടിരിക്കുന്നതിനാലും റോമിന് കൈവന്ന പ്രാധാന്യം ആമുഖത്തില്‍ സൂചിപ്പിച്ചുവല്ലോ? ഇതുകൂടാതെ വിശുദ്ധ പൗലോസിന്‍റെയും ആദിമസഭയിലെ അനവധി രക്തസാക്ഷികളുടെയും ശവകൂടിരങ്ങള്‍ ഇവിടെയുണ്ട്. രണ്ടാംനൂറ്റാണ്ടില്‍ പത്രോസാകുന്ന അടിസ്ഥാനത്തില്‍ സഭ പണിതുയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന ആശയം വിശ്വാസികളുടെ ഇടയില്‍ രൂപപ്പെട്ടു. യേശു പത്രോസിന് നല്‍കിയ അധികാരം പത്രോസിന്‍റെ പിന്‍ഗാമികള്‍ക്കും ലഭ്യമാകുന്നു എന്ന ചിന്തയും പ്രബലപ്പെടാന്‍ തുടങ്ങി. മൂന്നാം നൂറ്റാണ്ടില്‍ പോപ്പ് സ്റ്റീഫനും കാര്‍ത്തേജിലെ മെത്രാനുമായിരുന്ന വിശുദ്ധ സിപ്രിയാനും തമ്മില്‍ പാപ്പാക്ക് സാര്‍വത്രികസഭയുടെ പ്രബോധനാധികാരത്തെ സംബന്ധിച്ച് തര്‍ക്കങ്ങളുണ്ടായി. തുടര്‍ന്ന് ലിയോ ഒന്നാമന്‍ വരെയുള്ള പാപ്പാമാര്‍ റോമിന്‍റെ പരമാധികാരം പ്രബോധനാധികാരം എന്നിവയില്‍ ഉറച്ചുനിന്നു. അതേസമയം തന്നെ കോണ്‍സ്റ്റാന്‍റിനോപ്പിള്‍ കേന്ദ്രമാക്കിയ കിഴക്കന്‍ റോമാ സാമ്രാജ്യം പോപ്പിന്‍റെ ആധിപത്യത്തെ ചോദ്യം ചെയ്തുപോന്നു.
ലിയോ പാപ്പ തന്‍റെ ഔദ്യോഗിക സ്ഥാനപേര് ‘Pontifex Maximus’ അഥവാ ‘മുഖ്യപുരോഹിതന്‍’, ആയിരിക്കുമെന്ന് പ്രഖ്യാപിച്ചു. വിശുദ്ധ പത്രോസില്‍ നിന്നും ലഭിച്ച ഈ പദവി തന്‍റെ പേരിനോടൊപ്പം അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കാല്‍ദിയന്‍ കൗണ്‍സില്‍ (451 എഡി) റോമിലെ പാപ്പാക്ക് പടിഞ്ഞാറന്‍സഭയുടെ മേലുള്ള അധികാരംപോലെ കിഴക്കന്‍ റോമിലെ കോണ്‍സ്റ്റാന്‍ഡിനോപ്പിള്‍ പാത്രിയാര്‍ക്കീസിന് പൗരസ്ത്യസഭയുടെ മേല്‍ അധികാരം ഉണ്ടെന്നും വാദിച്ചു. പോപ്പ് ജെലേഷ്യസ്-1 (492-496). താന്‍ ക്രിസ്തുവിന്‍റെ വികാരിയാണെന്ന് പ്രഖ്യാപിക്കുകയും ആദ്ധ്യാത്മിക അധികാരം തനിക്കും ഭൗതീകാധികാരം രാജാവിനുമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. (തുടരും…)
ശ്രീ. ഇഗ്നേഷ്യസ് തോമസ്