തിരുവനന്തപുരം: കായിക കേരളത്തിനു നിരവധി പ്രതിഭകളെ സമ്മാനിച്ച തിരുവനന്തപുരം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ബാസ്കറ്റ്ബോൾ മൈതാനങ്ങളിൽ വീണ്ടും ചരിത്രം കുറിക്കുന്നു. സ്കൂളിലൂടെ വളർന്ന ആറടി നാലിഞ്ചുകാരൻ നിരഞ്ജൻ സുജ രഞ്ജിത്ത് വിദഗ്ധ പരിശീലനത്തിനായി ജൂണ് 30ന് അമേരിക്കയിലേക്കു തിരിക്കും. 15 ദിവസത്തെപ്രത്യേക എക്സ്പോഷർ ട്രിപ്പിലാണു നിരഞ്ജൻ പങ്കെടുക്കുന്നത്. പ്രശസ്ത ബാസ്കറ്റ്ബോൾ താരം പ്രണവ് പ്രിൻസിനെ വളർത്തിയെടുത്ത അതേ മൈതാനത്തുനിന്നും കോച്ച് മനോജ് സേവ്യറുടെ ശിക്ഷണത്തിലാണ് നിരഞ്ജനും വളർന്നുവരുന്നത്. സഞ്ജു സാംസണെപ്പോലെയുള്ള ഇതിഹാസ താരങ്ങളെയും പ്രണവ് പ്രിൻസിനെയും വാർത്തെടുത്ത സെന്റ് ജോസഫ്സിന്റെ പെരുമ ഇനി നിരഞ്ജൻ അമേരിക്കൻ മണ്ണിലെത്തിക്കും.
നിരഞ്ജന്റെ അമേരിക്കൻ യാത്രയ്ക്കു വഴിയൊരുക്കിയത് ഇപ്പോൾ പരിശീലിക്കുന്ന മുംബൈ കോർവസ് അമേരിക്കൻ അക്കാദമിയിയാണ്. മുൻ കേരള ക്യാപ്റ്റനും നിലവിൽ കെഎസ്ഇബി ടീം കോച്ചുമായ എം. രഞ്ജിത്തിന്റെയും സുജയുടെയും മകനാണ് നിരഞ്ജൻ. സഹോദരിയും ദേശീയ തലത്തിലുള്ള ബാസ്കറ്റ്ബോൾ താരമാണ്. കാഞ്ഞങ്ങാട് നടന്ന 42-ാമത് യൂത്ത് സ്റ്റേറ്റ് ചാന്പ്യൻഷിപ്പിൽ തിരുവനന്തപുരത്തെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് നിരഞ്ജനായിരുന്നു. ആവേശകരമായ ഫൈനലിൽ ഡബിൾ എക്സ്ട്രാ പീരിയഡ് വരെ പോരാടിയ ശേഷമാണ് തിരുവനന്തപുരം തൃശൂരിനോടു കീഴടങ്ങിയത്. സെന്റ് ജോസഫ്സിൽനിന്നു നാലുപേർ സംസ്ഥാന യൂത്ത്് ക്യാന്പിലേക്കു തെരഞ്ഞെടുക്കപ്പെട്ടതു സ്കൂളിന് ഇരട്ടി മധുരമായി. നിരഞ്ജനെ കൂടാതെ ജോയൽ ജോസ്, അൽഡ്രിൻ ആന്റോ അലക്സ്, വിവേക് വിജയ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട സെന്റ് ജോസഫ്സുകാർ.

