തിരുവനന്തപുരം: അതിരൂപതാംഗവും മാമ്പള്ളി സ്വദേശിയുമായ അജിത് മാമ്പള്ളിയുടെ സംവിധാനത്തിൽ ‘കൊണ്ടൽ’ ഓണം റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. ആന്റണി വർഗീസിനെ നായകനാക്കി കടല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിന്റെ ഹൈലൈറ്റ് കടലിൽ വെച്ച് ചിത്രീകരിച്ച ആക്ഷൻ രംഗങ്ങള്‍ ആണ്. ചിത്രത്തിലെ ചിലരംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് അഞ്ചുതെങ്ങ് പ്രദേശമാണ്.
ചിത്രത്തിന്റെ ടീസർ, ഇതിലെ ഒരു ഗാനം എന്നിവ നേരത്തെ റിലീസ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിൽ മികച്ച ശ്രദ്ധ നേടിയെടുത്തിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ ട്രെയ്ലറും പുറത്ത് വന്നിരിക്കുകയാണ്.കടലിൽവെച്ചുള്ള ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ തന്നെയാണ് ട്രൈലറിന്റെയും ഹൈലൈറ്റ്. ആക്ഷനൊപ്പം പ്രേക്ഷകരെ വൈകാരികമായി സ്വാധീനിക്കുന്ന ഒരു കഥാപരിസരവും ചിത്രത്തിനുണ്ടെന്ന സൂചനയും ഈ ട്രൈലെർ തരുന്നുണ്ട്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച ഈ ചിത്രത്തിൽ കന്നഡ സൂപ്പർ താരം രാജ് ബി ഷെട്ടിയും അഭിനയിച്ചിട്ടുണ്ട്.