വത്തിക്കാൻ: ജനുവരി മാസത്തിലേക്കായി ഫ്രാൻസിസ് പാപ്പാ നിർദ്ദേശിക്കുന്ന പ്രാർത്ഥനാനിയോഗമടങ്ങിയ വീഡിയോ പുറത്തിറങ്ങി. ഏവർക്കും, പ്രത്യേകിച്ച് കുടിയേറ്റക്കാർക്കും, അഭയാർത്ഥികൾക്കും യുദ്ധമേഖലകളിൽ വസിക്കുന്നവർക്കും വിദ്യാഭ്യാസം നേടുന്നതിനുള്ള അവകാശം മാനിക്കപ്പെടണമെന്ന് പാപ്പാ. ലോകത്ത് ഏതാണ്ട് ഇരുപത്തിയഞ്ച് കോടിയോളം കുട്ടികൾക്ക് വിദ്യാഭ്യാസസാധ്യതകൾ ലഭിക്കുന്നില്ലെന്ന് പരിശുദ്ധപിതാവ് ജനുവരി രണ്ടാം തീയതി പുറത്തുവിട്ട തന്റെ സന്ദേശത്തിൽ വ്യക്തമാക്കി.
മെച്ചപ്പെട്ട ഒരു ഭാവിയിലേക്കുള്ള വാതിലാണ് വിദ്യാഭ്യാസം നമുക്കായി തുറക്കുന്നതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. അതുവഴി, കുടിയേറ്റക്കാരും അഭയാർത്ഥികളുമായ ആളുകൾക്ക് അവർ തങ്ങളുടെ ജന്മനാട്ടിലേക്ക് തിരികെപ്പോകാൻ തീരുമാനിച്ചാൽ അവിടെയും, തങ്ങളെ സ്വീകരിച്ചിട്ടുള്ള പുതിയ ഇടത്ത് തുടരുകയാണെങ്കിൽ, അവിടെയുമുള്ള പൊതുസമൂഹത്തിന് തങ്ങളുടേതായ സംഭാവനകൾ നൽകാനാകുമെന്ന് പാപ്പാ കൂട്ടിച്ചേർത്തു. പരദേശിയായ ഒരുവനെ സ്വീകരിക്കുന്നവർ യേശുക്രിസ്തുവിനെത്തന്നെയാണ് സ്വീകരിക്കുന്നതെന്നത് നമുക്ക് മറക്കാതിരിക്കാമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.