പുതിയതുറ: പുല്ലുവിള ഫൊറോന പ്രവാസികാര്യ കമ്മീഷന്റെ നേതൃത്വത്തിൽ പ്രവാസി ദിനമാചരിച്ചു. പുതിയതുറ സെന്റ്. നിക്കോളാസ് എൽ പി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചുനടന്ന ദിനാചരണ പരിപാടികൾ അതിരൂപത സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ ഫാ. ആഷ്ലിൻ ജോസ് ഉദ്ഘാടനം ചെയ്തു. പുല്ലുവിള ഫൊറോന സാമൂഹ്യ ശുശ്രൂഷ കോഡിനേറ്റർ ഫാ. തദയൂസ് അരുളപ്പൻ അധ്യക്ഷത വഹിച്ചു.
2023 – 24 കാലയളവിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ പ്രവാസികാര്യ കമ്മീഷൻ അംഗങ്ങളെ ഫൊറോനാ തലത്തിൽ ആദരിച്ചു. ഫാ. ഗ്ലാഡിൻ അലക്സ്, സാമൂഹ്യ ശുശ്രൂഷ ഫൊറോന സെക്രട്ടറി ലീൻ ബായ് എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് പുതിയതുറ ഇടവക പ്രവാസികാര്യ കമ്മീഷൻ 13 നിർധനരായ ക്യാൻസർ രോഗികൾക്ക് ധനസഹായവും സാമ്പത്തിക പരാധീനത നേരിടുന്ന വനിതകൾക്ക് വസ്ത്രങ്ങളും വിതരണം ചെയ്തു. MSC Bio Chemistry-യിൽ കേരള യൂണിവേഴ്സിറ്റിയിൽ രണ്ടാം റാങ്ക് നേടിയ കുമാരി സെറീനയെ സമ്മേളനത്തിൽ ആദരിച്ചു.