ആഗോള കത്തോലിക്കാ സഭയെ വിശ്വാസത്തിന്റെ ധീര പോരാളിയായി നയിച്ച ബെനഡിക്ട് പതിനാറാമൻ പാപ്പ വിടവാങ്ങി. വി. ജോൺപോൾ രണ്ടാമൻ പാപ്പയുടെ പിൻഗാമിയായി 2005 മുതൽ 2013 വരെ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരുന്നു ബനഡിക്ട് പതിനാറാമൻ പാപ്പ. 2013 ഫെബ്രുവരി 28ന് വാർദ്ധക്യസഹജമായ കാരണങ്ങളാൽ തൽസ്ഥാനത്തുനിന്നും രാജിവച്ചിരുന്നു. കുറച്ചു ദിവസങ്ങളായി രോഗാവസ്ഥയാൽ ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിനായി പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ കഴിഞ്ഞ ദിവസം എല്ലാവരോടും അഭ്യർത്ഥിച്ചിരുന്നു.
ആധുനിക കത്തോലിക്കാ സഭയിലെ ഏറ്റവും പ്രശസ്തരായ ദൈവശാസ്ത്രജ്ഞരിൽ ഒരാളും മികച്ച എഴുത്തുകാരനുമായിരുന്നു ബനഡിക്ട് പതിനാറാമൻ പാപ്പ. ജോസഫ് റാറ്റ്സിംഗർ എന്നായിരുന്നു ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ പേര്. ജർമ്മനിയിലെ ബവേറിയ എന്ന സ്ഥലത്ത് 1927 ഏപ്രിൽ 16-നായിരുന്നു അദ്ദേഹത്തിന്റെ ജനനം. തന്റെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1938-ൽ സെമിനാരിയിൽ പ്രവേശിച്ച അദ്ദേഹത്തിന്റെ തിരുപ്പട്ട സ്വീകരണം 1951ൽ ആയിരുന്നു. 1977ൽ ആർച്ച് ബിഷപ്പായി നിയമിതനായ അദ്ദേഹം അതേ വർഷം തന്നെ കർദിനാളായി. 25 ഏപ്രിൽ 19ന് നടന്ന പേപ്പൽ കോൺക്ലെവിൽ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു.
ആധുനിക കാലഘട്ടത്തിലെ ഏറ്റവും പ്രഗൽഭനും പണ്ഡിതനുമായ പാപ്പമാരിൽ ഒരാളായിരുന്നു ബെനഡിക്ട് പതിനാറാമൻ പാപ്പ. ആറ് നൂറ്റാണ്ടിനിടയിൽ സ്ഥാന ത്യാഗം ചെയ്ത ആദ്യത്തെ പാപ്പ കൂടിയാണ് അദ്ദേഹം. സ്ഥാനത്യാഗം ചെയ്ത അദ്ദേഹം ലോകത്തിന് നൽകിയത് ഒരിക്കലും മറക്കാനാകാത്ത മാതൃക കൂടിയായിരുന്നു.