ശനിയാഴ്ച അന്തരിച്ച ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ മൃതദേഹം ഇന്നു മുതൽ വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനത്തിനു വയ്ക്കും. പൊതുദർദശനം മൂന്നുദിവസമുണ്ടാകും. വ്യാഴാഴ്ചയാണ് സംസ്കാരം. ഇറ്റാലിയൻ സമയം രാവിലെ 9.30-ന് (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് രണ്ട്) ആരംഭിക്കുന്ന അന്ത്യകർമങ്ങൾക്ക് ഫ്രാൻസിസ് പാപ്പ മുഖ്യകാർമികത്വം വഹിക്കും.
ബെനഡിക്ട് പതിനാറാമനെ പുതുവത്സരദിന പ്രാർഥനയിൽ ഫ്രാൻസിസ് മാർപാപ്പ അനുസ്മരിച്ചു. “ഈ ലോകത്തിൽനിന്ന് ദൈവത്തിനടുത്തേക്കുള്ള യാത്രയിൽ കൂട്ടായിരിക്കാൻ പ്രിയപ്പെട്ട ഇമെരിറ്റസ് പാപ്പ ബെനഡിക്ട് പതിനാറാമനെ പരിശുദ്ധ മാതാവിനെ ഏൽപ്പിക്കുന്നു”വെന്ന് ഫ്രാൻസിസ് പാപ്പ പറഞ്ഞിരുന്നു. ബെനഡിക്ട് പാപ്പയുടെ അന്ത്യകർമങ്ങൾ ലളിതമായിരിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയിലെ പാപ്പാമാരുടെ ശവകുടീരത്തിലായിരിക്കും അദ്ദേഹത്തിന്റെയും അന്ത്യവിശ്രമം.
2005-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ വിവിധ രാഷ്ട്രങ്ങളുടെ ഭരണാധികാരികളും ലക്ഷക്കണക്കിനു വിശ്വാസികളുമെത്തിയിരുന്നു.