വിഴിഞ്ഞം / അഞ്ചുതെങ്ങ്: കഴിഞ്ഞദിവസമുണ്ടായ അപ്രതീക്ഷിത കടല്ക്ഷോഭത്തിൽ രണ്ടു മരണം. രണ്ടുപേർക്കായുള്ള തിരച്ചിൽ തുടരുന്നു. അഞ്ചുതെങ്ങ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖതീരത്തു ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച അഞ്ചുതെങ്ങ് കൊച്ചുമേത്തൻകടവ് പുരയിടത്തിൽ അമ്പിളി ഹൗസിൽ ഫ്രീമോൻ, വിഴിഞ്ഞത്തുനിന്നും മത്സ്യബന്ധത്തിനുപോയി വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച അടിമലത്തുറ വിജി ഹൗസിൽ ആന്റണി എന്നിവരുടെ സംസ്കാരം അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് പള്ളിയിലും, അടിമലത്തുറ ഫാത്തിമാ മാതാ പള്ളിയിലുമായി നടന്നു.
അതേസമയം അഞ്ചുതെങ്ങിൽ നിന്നും മത്സ്യബന്ധത്തിനുപോയി കാണാതായ അഞ്ചുതെങ്ങ് കൊച്ചുമേത്തൻകടവ് ഷെക്കീന ഭവനിൽ ഷിജി, വിഴിഞ്ഞത്തു നിന്നും മത്സ്യബന്ധത്തിനുപോയ കരുംകുളം പുല്ലുവിള സ്വദേശി ജോണിനും വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. സുരക്ഷാസംവിധാനങ്ങളുടെ അഭാവമാണു മുതലപ്പൊഴിയിൽ ജീവനുകൾ പൊലിയുന്നതിനു കാരണമാകുന്നതെന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ആവർത്തിച്ചുള്ള പരാതി അധികൃതർ മുഖവിലയ്ക്കെടുക്കാത്തതിൽ മത്സ്യമേഖലയൊട്ടാകെ അമർഷത്തിലാണ്. സമയബന്ധിതമായി രക്ഷാപ്രവർത്തനം നടന്നില്ലെന്നും കോസ്റ്റ്ഗാർഡിന്റെ തിരച്ചിൽ ആരംഭിക്കാൻ വൈകിയെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
