കൊച്ചി: സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കം, ഉരുള്‍പ്പൊട്ടല്‍ തുടങ്ങിയവയെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തി പുഴകളുടെയും, ഡാമുകളുടെയും ആഴം വര്‍ധിപ്പിക്കുന്നതുള്‍പ്പടെയുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി). കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന കെസിബിസി സമ്മേളനാനന്തരം പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രകൃതി ദുരന്തങ്ങളില്‍ മരണപ്പെട്ടവര്‍ക്ക് കെസിബിസി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ജനവാസമേഖലകളും കൃഷിഭൂമിയും ഇഎസ്എയില്‍നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. പശ്ചിമഘട്ട പരിസ്ഥിതിലോല മേഖലകള്‍ (ഇഎസ്എ) സംബന്ധിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ജൂലൈ 27 ന് വീണ്ടും കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്. കേരളത്തിന്റെ നിലവിലുള്ള മാപ്പില്‍, 123 റവന്യൂ വില്ലേജുകളിലായി, ലക്ഷക്കണക്കിന് ഏക്കര്‍ ജനവാസമേഖലകളും കൃഷിഭൂമിയും ഉള്‍പ്പെടെ 9,993.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്.
സമാനമായ ആശങ്കകള്‍ നിലനിന്നിരുന്ന തമിഴ്നാട്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങള്‍ കൃത്യമായ ഉപഗ്രഹ-ഫീല്‍ഡ് സര്‍വേകള്‍ വഴി അതിര്‍ത്തികള്‍ വേര്‍തിരിച്ച് കേന്ദ്രത്തിന് സമര്‍പ്പിക്കുകയും ജനവാസകേന്ദ്രങ്ങളെ ഇഎസ്എ പരിധിയില്‍നിന്ന് സംരക്ഷിച്ചു നിര്‍ത്തുകയും ചെയ്തു.
കേരളത്തില്‍ ഇപ്പോഴും ജനങ്ങളുടെ ആശങ്ക പരിഹരിച്ച് വ്യക്തമായി അതിര്‍ത്തി നിര്‍ണ്ണയിക്കാന്‍ സാധിച്ചിട്ടില്ലെന്നത് ഖേദകരമാണെന്ന് പ്രസ്താവനയില്‍ പറയുന്നു. നിയമപരമായി നിലനില്‍ക്കുന്ന രീതിയില്‍ റവന്യൂ വില്ലേജുകളും ഇഎസ്എ അതിര്‍ത്തികളും തരംതിരിച്ച് ഫീല്‍ഡ് സര്‍വേ നടത്തുന്നതിലുണ്ടായ വര്‍ഷങ്ങളായുള്ള അലംഭാവവും വീഴ്ച യുമാണ് പ്രതിസന്ധിയെ ഇത്രത്തോളം വഷളാക്കിയതെന്ന് മെത്രാന്‍ സമിതി ചൂണ്ടിക്കാട്ടി.
