വാഷിംഗ്ടണ്‍ ഡിസി: ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഒത്തുചേര്‍ന്ന് സമാധാനത്തിനായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കും. ഒക്ടോബര്‍ 22-ന് ഇന്ത്യന്‍ സമയം വൈകിട്ട് 7:30 നാണ് ലോകമെമ്പാടുമുള്ള കത്തോലിക്കര്‍ ‘ഗ്ലോബല്‍ റോസറി ഫോര്‍ പീസ്’ എന്ന പേരിലുള്ള ഈ ജപമാല പ്രാര്‍ത്ഥനയില്‍ ഒരുമിക്കുന്നത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയുടെ തിരുനാള്‍ ദിനത്തില്‍, നടക്കുന്ന പ്രാര്‍ത്ഥന വിവിധ രാജ്യങ്ങളില്‍ നിന്നും സംസ്കാരങ്ങളില്‍ നിന്നുമുള്ള കത്തോലിക്കരെ സമാധാനം എന്ന പൊതുവായ നിയോഗത്തിനായി ജപമാലയിലൂടെ ഒരുമിപ്പിക്കും.
ഹോളി ക്രോസ് ഫാമിലി മിനിസ്ട്രീസും ഹോളി ക്രോസ് സന്യാസ സമൂഹവും ചേര്‍ന്നാണ് ഈ ആഗോള റോസറി പ്രാര്‍ത്ഥന സംഘടിപ്പിക്കുന്നത്. കുടുംബ പ്രാര്‍ത്ഥനയും ജപമാലയും പ്രചരിപ്പിന് മുന്‍കൈ എടുത്ത ഹോളി ക്രോസ് വൈദികനായ ധന്യന്‍ പാട്രിക് പെയ്റ്റന്റെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് ഈ ജപമാല പ്രാര്‍ത്ഥന നടത്തുന്നത്.
കഴിഞ്ഞ വര്‍ഷത്തെ പ്രാര്‍ത്ഥനയില്‍ 50-ലധികം രാജ്യങ്ങളില്‍ നിന്നായി 65,000-ത്തിലധികം ആളുകള്‍ പങ്കെടുത്തിരുന്നു. ഇത്തവണ ഇതിലും വലിയ പങ്കാളിത്തമാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. യുദ്ധങ്ങളും പീഡനങ്ങളും രാഷ്ട്രീയ അസ്ഥിരതയും അനേകരുടെ ജീവിതത്തെ തകര്‍ക്കുന്ന ഈ കാലഘട്ടത്തില്‍ ലോകസമാധാനത്തിനായി നടത്തുന്ന ജപമാലപ്രാര്‍ത്ഥനയില്‍ പങ്കുചേരാന്‍ എല്ലാ വിശ്വാസികളെയും സംഘാടകര്‍ ക്ഷണിക്കുന്നു.

