വെള്ളയമ്പലം: പുറത്തു വേനൽ ചൂട്; ആകത്ത് തെരഞ്ഞെടുപ്പ് ചൂട്. സ്ഥാനാർത്ഥികളുടെ അവകാശവാദങ്ങൾ; കാണികളുടെ ചൂടേറിയ ചോദ്യങ്ങൾ, മെയ്യ് വഴക്കത്തോടെ ഉത്തരം നൽകുന്ന സ്ഥാനാർത്ഥികൾ ;ആനിമേഷൻ സെന്ററിൽ തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർഥികളുമായി നടന്ന മുഖാമുഖം പരിപാടി കൊണ്ടും കൊടുത്തും മുന്നേറി. തിരുവനന്തപുരം അതിരൂപത രാഷ്ട്രീയ കാര്യസമിതി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയായിരുന്നു വേദി. തിരുവനന്ത്പുരം പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർഥികളായ ഡോ .ശശി തരൂരും ശ്രി രാജീവ് ചന്ദ്രശേഖറും പരിപാടിയിൽ പങ്കെടുത്തു. തീരദേശ ജനത അഭിമുഖീകരിക്കുന്ന നീറുന്ന പ്രശ്നങ്ങളെ അടിസ്ഥാനമാക്കി KLCA അതിരൂപത പ്രസിഡന്റ് പാട്രിക് മൈക്കൾ അവതരിപ്പിച്ച അവകാശപത്രിക അടിസ്ഥാനമാക്കിയാണ് സംവാദം മുന്നോട്ടു പോയത്. വിഴിഞ്ഞം തുറമുഖ നിർമാണവും തീരശോഷണവും തീരദേശ ഹൈവേനിർമാണം ബ്ലൂ ഇക്കോണമി പരമ്പരാഗത മൽസ്യത്തൊഴിലാളികളുടെ അവകാശ സംരക്ഷണം ന്യൂന പക്ഷ അവകാശ ധ്വസനം തുടങ്ങി അതിരൂപതയിലെ ജനവിഭാഗങ്ങൾ അഭിമുഖീകരിക്കുന്ന നീറുന്ന പ്രശ്നങ്ങളോടുള്ള നയങ്ങളുംസമീപനങ്ങളും കാഴ്ചപ്പാടുകളും സ്ഥാനാർത്ഥികൾ അവതരിപ്പിച്ചു.
പ്രവർത്തനനിരതവും ഭാവാല്മകവുമായ രാഷ്ട്രീയ പ്രവർത്തനത്തിലൂടെ പൊതുരംഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരം തേടുമെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. . തിരുവനന്തപുരത്തെ ജനങ്ങൾക്കുമുമ്പിൽ വികസനത്തിന്റെ മാസ്റ്റർ പ്ലാൻ മുന്നോട്ടു വെച്ച് ജനങ്ങളുമായി ഏർപ്പെടുന്ന ഉടമ്പടിയുടെ അടിസ്ഥാനത്തിലായിരിക്കും താൻ തെരഞ്ഞെടുക്കപ്പെട്ടാൽ പ്രവർത്തിക്കുകയെന്നു അദ്ദേഹം പറഞ്ഞു. നിക്ഷേപത്തിലൂടെ സർവതല സ്പർശിയായ വികസനം സാധ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.തീരജനതയുടെ അവകാശവും നീതിയും ഉറപ്പുവരുത്തിയുള്ള പ്രവർത്തനമായിരിക്കും താൻ നടത്തുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളുടെ നന്മക്കും നാടിന്റെ മോചനത്തിനുമായുള്ള ഭരണ മാറ്റത്തിലൂടെയെ തീരമേഖലക്ക് രക്ഷയുള്ളുവെന്നു ശശി തരൂർ പ്രസ്താവിച്ചു. തീരദേശവുമായി ബന്ധപെട്ടു 20ലധികം തവണ പാർലമെന്റിൽ പ്രശ്നങ്ങൾ അവതരിപ്പിച്ചു. വിഴിഞ്ഞം പദ്ധതി നടപ്പിലാക്കുമ്പോൾ മൽസ്യത്തൊഴിലാളികൾക്കുവേണ്ടി ഉമ്മൻചാണ്ടി സർക്കാർ നീക്കിവെച്ച 475 കോടി രൂപയുടെ പുനരധിവാസപാക്കേജ് നടപ്പിലാക്കാൻ ഇടതുപക്ഷ സർക്കാർ തയ്യാറായില്ല. മുതലപൊഴി വിഷയത്തിൽ അടൂർപ്രകാശ് എം.പി യുമൊരുമിച്ചു പലവട്ടം കേന്ദ്രസംസ്ഥാനസർക്കാരുകളുടെ മുൻപിൽ പ്രശനം അവതരിപ്പിച്ചു. ജനനന്മക്കായി വികസനപരിപാടികൾ നടപ്പിലാക്കണം.തീരദേശ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ താൻ തീരജനതയോടൊപ്പമുണ്ടാകുമെന്നും തരൂർ പറഞ്ഞു.
സമുദ്ര തീര ഗവേഷകൻ ഡോ .ജോൺസൻ ജമെന്റ് സംവാദപരിപാടിയിൽ മോഡറേറ്ററായിരുന്നു. വിമലാസ്റ്റാൻലി,ഇഗ്‌നേഷ്യസ് തോമസ് എന്നിവർ പ്രസംഗിച്ചു. മോൺ .യൂജിൻ പേരേര, മോൺ. ജെയിംസ് കുലാസ്, ഫാ. ലോറൻസ് കുലാസ്, ഫാ. മൈക്കിൾ തോമസ് എന്നിവർ സന്നിഹിതരായിരുന്നു. അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ശ്രീ. ഇഗ്നേഷ്യസ് തോമസ് കൃതജ്ഞതയർപ്പിച്ചു. ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർത്ഥികളുമായുള്ള മുഖാമുഖം പരിപാടി ഏപ്രിൽ 5 വെള്ളിയാഴ്ച മേനംകുളം മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ വച്ച് നടക്കും.