അഞ്ചുതെങ്ങ്, പാറശ്ശാല ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളും കണ്ടെയിൻമെന്റ് സോണായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ വിഴിഞ്ഞം, ഹാർബർ, വെള്ളാർ, തിരുവല്ലം വാർഡുകളും, കരുംകുളം ഗ്രാമപഞ്ചായത്തിലെ പള്ളം, ഇരയിമ്മൻതുറ, പുല്ലുവിള, ചെമ്പകരാമൻതുറ വാർഡുകളും കണ്ടെയിൻമെന്റ് സോണുകളിൽ പെടുന്നു.
ഈ വാർഡുകൾക്ക് ചേർന്നുള്ള പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ പുലർത്തണം. മുൻനിശ്ചയപ്രകാരമുള്ള സർക്കാർ പരീക്ഷകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താം. കണ്ടെയിൻമെന്റ് സോണിൽ നിന്നുമെത്തുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ പ്രത്യേക ക്ലാസ് റൂം സജ്ജീകരിക്കണം. മെഡിക്കൽ, മറ്റ് അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആരുംതന്നെ കണ്ടെയിൻമെന്റ് സോണിനു പുറത്തേക്ക് പോകാൻ പാടില്ല. ഈ പ്രദേശങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച ഒരുതരത്തിലുള്ള ലോക്ക്ഡൗൺ ഇളവുകളും ബാധകമായിരിക്കില്ല.