വലിയതുറ: അൾത്താര ശുശ്രൂഷകരുടെ മധ്യസ്ഥനായ വിശുദ്ധ ജോൺ ബെർക്ക്മൻസിന്റെ തിരുനാൾ ആഘോഷിച്ച് വലിയതുറ സെന്റ് ആന്റണീസ് ഫൊറോന ദേവാലയത്തിലെ അൾത്താര ശുശ്രൂഷകർ. ജീവിതം ദൈവത്തിനായി കാഴ്ചവച്ച് ദൈവത്തിനു വേണ്ടി മരിച്ച, അൾത്താരയോട് ചേർന്നു നിന്നുകൊണ്ട് ക്രിസ്തുവിനെ സ്നേഹിച്ച വിശുദ്ധനാണ് വിശുദ്ധ ജോൺ ബെർക്ക്മൻസ്.
ഞായറാഴ്ച രാവിലെ 9 മണിക്ക് ഇടവക ദേവാലയത്തിൽ വച്ച് നടന്ന ദിവ്യബലിക്ക് ഇടവക വികാരി ഡോ. സാബാസ് ഇഗ്നേഷ്യസ് മുഖ്യകാർമികത്വം വഹിച്ചു. ദിവ്യബലിക്ക് നേതൃത്വം നൽകിയത് ഇടവകയിലെ ഇരുപത്തിയഞ്ചോളം അൾത്താര ശുശ്രൂഷകരായിരുന്നു. മതബോധന വിദ്യാർത്ഥികൾക്കായി നടന്ന ദിവ്യബലിയിൽ അൾത്താര ശുശ്രൂഷകരെ ഉദാഹരണമാക്കി വചന ശുശ്രൂഷയിൽ ഇടവക വികാരി മറ്റുള്ള വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു.
ഇവരും കുസൃതി നിറഞ്ഞ കുട്ടികളാണ് എന്നിരുന്നാലും അവർ ദൈവത്തെ സേവിക്കുന്നതിന് വേണ്ടി മാറ്റിനിർത്തപ്പെട്ടവരാണെന്നും, അൾത്താര ശുശ്രൂഷകരുടെ സൈന്യത്തിലേക്ക് ഇനിയും അനേകം കുട്ടികൾ കടന്നു വരേണ്ടതുണ്ടെന്നും ഇടവക വികാരി ആവശ്യപ്പെട്ടു.
ദിവ്യബലിക്ക് ശേഷം ഇടവകാംഗങ്ങൾ തിരുനാൾ ആശംസകൾ നേർന്നുകൊണ്ട് അൽത്താര ബാലന്മാരെ പ്രോത്സാഹിപ്പിച്ചു. ഇടവക സഹവികാരി ഫാ.ഫ്രാങ്ക്‌ളിൻ, ആനിമേറ്റർ സി. മിൽജ എഫ്. ഐ. എസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു. ദിവ്യബലിക്ക് ശേഷം അൾത്താര ശുശ്രൂഷകരുടെ മാതാപിതാക്കളുടെ സംഗമവും നടത്തി. കൂടുതൽ കുട്ടികളെ അൾത്താരയോട് ചേർത്ത് നിർത്താൻ ഇതുപോലുള്ള സംവിധാനങ്ങളും പരിപാടികളും സഹായിക്കുമെന്നും ഇനിയും നിരവധി കുട്ടികളെ അൽത്താര സേവനത്തിനായി പ്രതീക്ഷിക്കുന്നതായും ഇടവക വികാരി പറഞ്ഞു.