തുടർച്ചയായി ഇന്നും പോലീസിന്റെ ബാരിക്കേഡുകൾ തള്ളിമാറ്റി തുറമുഖത്തിന്റ പ്രധാന വാതിൽ കടന്ന് തുറമുഖത്തിനുള്ളിലേക്കിരച്ചു കയറി സമരക്കാർ.
സമരത്തെ അഭിസംബോധന ചെയ്ത് കൊച്ചുതാപ്പ് ഇടവക വികാരി ഫാ.റോട്രിക്സ് കുട്ടി സംസാരിച്ചു.ഈ പോരാട്ടത്തിന് മുന്നിൽ നാം മുട്ടുമടക്കില്ലയെന്നതിന്റെ തെളിവാണ് ഈ ജനങ്ങളുടെ അലയടി. ലത്തീൻ രൂപതക്കെന്നും വികസനത്തിനായി തങ്ങളുടേതെല്ലാം വിട്ടുകൊടുത്ത പാരമ്പര്യമേയുള്ളു. എന്നാൽ ഇത് തങ്ങളുടെ ജീവനായി, ജീവിതത്തിനായുള്ള പോരാട്ടമാണ്. ഇനിയിതും കൂടി വിട്ടുകൊടുക്കാനാവില്ല. സാധാരണക്കാരായ ജനം ജീവിക്കുന്ന തീരം കവർന്നെടുത്തിട്ട് ഈ ജനതയെ എങ്ങോട്ടാണിവർ കുടിയൊഴിപ്പിക്കാൻ നോക്കുന്നത്. ജീവനോപാധിയില്ലാതെ ഈ ജനത പട്ടിണി കിടന്നു മരിച്ചാൽ ആരുത്തരം പറയും. അതുകൊണ്ട് ജീവൻ കൊടുത്തും ഈ സമരവുമായി മുന്നോട്ട് പോകാൻ തന്നെയാണ് തങ്ങളുടെ തീരുമാനമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
തീരത്തിന്റെ മുഖത്തെ തന്നെ വികൃതമാക്കുന്ന തരത്തിലുള്ള വികസനമാണിവിടെ നടക്കുന്നതെന്ന് ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറൽ മോൺ. ജോസഫ് വാണിപ്പുരക്കൽ പറഞ്ഞു. ഞങ്ങളുടെ ദുരിതത്തിൽ പങ്കുചേർന്ന് ഞങ്ങളെ സുരക്ഷിത സ്ഥാനത്തെത്തിച്ച ഈ സഹോദങ്ങളുടെ നൊമ്പരങ്ങൾക്കൊപ്പം ഞങ്ങളുമുണ്ടെന്ന് അദ്ദേഹം വാക്കുനൽകി . ഭരണകർത്താക്കൾ ഇവരുടെ ആവശ്യങ്ങൾ നിരസിക്കാതെ ഇവർക്കുടനെ നീതി നടപ്പാക്കണമെന്നാണ് തനിക്ക് സർക്കാരോട് പറയാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
സമരം ഒൻപതാം ദിവസത്തിലേക്ക് കടന്നിട്ടും സമരവീര്യത്തിനൊട്ടും കുറവുവരുത്താതെ നേതൃത്വം നൽകിയത് വലിയതുറ ഫെറോനയിലെ കൊച്ചുതോപ്പ്, തോപ്പ്, കണ്ണാന്തുറ എന്നീ ഇടവകകളിലെ വിശ്വാസികളായിരുന്നു. എ. കെ. സി. സി ഇടുക്കി രൂപതയിൽ നിന്നും കർഷക കൂട്ടായ്മയും ആലപ്പുഴ ഐ.എം.എസ് ധ്യാന കേന്ദ്രത്തിൽ നിന്നും ഫാ.പ്രശാന്തും സഹപ്രവർത്തകരും ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരമുഖത്തെത്തിയിരുന്നു.